ബെംഗളൂരു: 500 കോടി നല്‍കിയില്ലെങ്കില്‍ പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്ന് അജ്ഞാത ഭീഷണി സന്ദേശം. ബിറ്റ് കോയിനുകളായി തുക നല്‍കണമെന്നാണ് ആവശ്യം. ഭീഷണി ഈമെയില്‍ സന്ദേശം ലഭിച്ചതായി കാണിച്ച് വിപ്രോ അധികൃതര്‍ ബെംഗളൂരു പോലീസില്‍ പരാതി നല്‍കി.
ഒരു പ്രത്യേക പോര്‍ട്ടലിലൂടെ പണം കൈമാറണമെന്നാണ് ഇമെയിലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 25 നകം പണം കൈമാറണമെന്നാണ് ആവശ്യം. അജ്ഞാത കേന്ദ്രത്തില്‍നിന്ന് ലഭിച്ച സന്ദേശത്തെക്കുറിച്ച് സൈബര്‍ ഭീകരവാദം സംബന്ധിച്ച നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിഷപദാര്‍ഥം ഉപയോഗിച്ച് ആക്രമണം നടത്തുമന്നാണ് ഇമെയിലില്‍ പറയുന്നത്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യനെ കൊല്ലാന്‍ സാധിക്കുന്ന റിസിന്‍ എന്ന രാസപദാര്‍ഥമാണ് ഉപയോഗിക്കുകയെന്നും വ്യക്തമാക്കുന്നുണ്ട്. ഭീഷണിയുടെ ആധികാരികത തെളിയിക്കുന്നതിന് വിഷ പദാര്‍ഥം നിറച്ച പാക്കറ്റുകള്‍ കമ്പനിയുടെ ഓഫീസുകളില്‍ ഒന്നിലേയ്ക്ക് അടുത്ത ദിവസങ്ങളില്‍ അയയ്ക്കുമെന്നും ഇമെയിലില്‍ പറയുന്നുണ്ട്.
ഇത്തരമൊരു പരാതി നല്‍കിയതായി വിപ്രോ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിപ്രോയുടെ ഓഫീസില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവിധത്തിലുള്ള തടസ്സവുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Share this Article
Related Topics