ന്യൂഡല്‍ഹി: മെട്രോറെയില്‍ ശില്പിയും മലയാളിയുമായ ഇ. ശ്രീധരന്റെ പേര് രാഷ്ട്രപതിസ്ഥാനത്തേക്ക് എന്‍.ഡി.എ. നിര്‍ദേശിക്കുമെന്ന് അഭ്യൂഹങ്ങള്‍. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇ.ശ്രീധരന്‍ എന്‍ഡfഎയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന വിവരം പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ശ്രീധരനോ ബി.ജെ.പി. വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ. ശ്രീധരനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജ്യം ആദരവോടെ കാണുന്ന ശ്രീധരനെ എതിര്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകില്ലെന്നും ഇതിന് ഉപോദ്ബലകമായി പറയപ്പെടുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവിനൊപ്പം ഇ. ശ്രീധരന്റെ പേരും ഉയര്‍ന്നുവന്നേക്കുമെന്നാണ് റിപ്പോർട്ട്.
രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും സോണിയാ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തവെയാണ് ഇ.ശ്രീധരന്റെ പേര് പട്ടികയില്‍ ഉയര്‍ന്നു വന്നത്.
പ്രതിപക്ഷത്തിനും സ്വീകാര്യനായ ഒരാളെ തിരഞ്ഞെടുക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന്റെ ഭാഗമാണ് ഇ.ശ്രീധരന്‍ പട്ടികയില്‍ ഇടം പിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിലെ വേദിയില്‍ ശ്രീധരന് ഇടം നല്‍കാതിരുന്നത് ബിജെപിയുടെ മുന്‍ കൂട്ടി നിശ്ചയിച്ചുള്ള തീരുമാന പ്രകാരമാണെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ.ശ്രീധരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കെ പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിനുമൊപ്പം വേദി പങ്കിടുന്നതിലെ അനൗചിത്യം പരിഗണിച്ചാണ് ഉദ്ഘാടനച്ചടങ്ങിലെ വേദിയിലിരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഉദ്ഘാടന വേദിയില്‍ നിന്ന ശ്രീധരനെ ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എംഎല്‍എ പിടി തോമസിനെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു.തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയത്.
ഉദ്ഘാടന ചടങ്ങിലെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പ്രതികരണം ആരാഞ്ഞപ്പോള്‍ തീരുമാനത്തില്‍ അസാധാരണമായൊന്നുമില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്നുമാണ് ഇ.ശ്രീധരന്‍ പ്രതികരിച്ചിരുന്നത്. വിഷയത്തില്‍ വിവാദങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.