ഇന്ത്യയെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുത്; കപില്‍സിബല്‍


നേരത്തെ ദ്വിരാഷ്ട്ര വാദം ഉയര്‍ത്തി ഇന്ത്യയെ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. മുസ്ലീങ്ങള്‍ ആരും ബില്ലിനെ ഭയക്കേണ്ടതില്ലെന്നും ചര്‍ച്ചക്കിടയില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കപില്‍ സിബല്‍ ആഞ്ഞടിച്ചത്.

ന്യൂഡല്‍ഹി: ഇന്ത്യയെന്ന റിപ്പബ്ലിക്ക് രാജ്യത്തെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുതെന്ന് രാജ്യസഭയില്‍ കപില്‍ സിബല്‍. പൗരത്വ ഭേദഗതി ബില്ലില്‍മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിലുടനീളം അമിത്ഷായെ കടന്നാക്രമിച്ച കപില്‍ സിബല്‍ അംബേദ്കറിന്റെയും ഒപ്പം സവര്‍ക്കറുടെയും വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പൗരത്വഭേദഗതി ബില്ലില്‍മേലുള്ള തന്റെ വാദങ്ങള്‍ മുന്നോട്ടുവച്ചത്.

കപില്‍ സിബല്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

അമിത് ഷാ നിങ്ങള്‍ നേരത്തെ പറഞ്ഞല്ലോ, മുസ്ലിങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ലാ എന്ന്.. അതിന് ഇവിടെ ഏതു മുസ്ലിങ്ങള്‍ ആണ് നിങ്ങളെ ഭയപ്പെടുന്നത്... ഈ ഭാരതത്തിലെ ഒരു മുസല്‍മാനും നിങ്ങളെ ഭയപ്പെടുന്നില്ല..

ഈ രാജ്യത്തെ ഒരു പൗരനും നിങ്ങളെ ഭയപ്പെടുന്നില്ല.... ഞാനും ഇവിടത്തെ മുസല്‍മാന്‍മാരും ഭയപ്പെടുന്നത് ഈ രാജ്യത്തിന്റെ ഭരണ ഘടനയെ ആണ്.

ഈ ബില്ല് കൊണ്ട് വന്നാല്‍ ഈ രാജ്യത്തിലെ രണ്ട്‌ കോടി വരുന്ന ജനങ്ങള്‍ നമ്മളെ വിശ്വസിക്കാതെയാവും... അതിന്റെ അനന്തര ഫലങ്ങള്‍ എന്താവുമെന്ന് പറയാന്‍ കഴിയില്ല.

'ആദ്യം ഘര്‍വാപസി, പിന്നെ മുത്തലാഖ്, പിന്നെ ആര്‍ട്ടിക്കിള്‍ 370, ഇപ്പോള്‍ എന്‍.ആര്‍.സി, പൗരത്വ ഭേദഗതി ബില്‍ ഇതില്‍ നിന്നെല്ലാം എന്താണ് നിങ്ങളുടെ ഉദ്ദേശമെന്ന് വ്യക്തമാണ്. എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് നിങ്ങള്‍ പോലും മനസ്സിലാക്കുന്നില്ല.

ജനനം, രക്ഷിതാക്കളുടെ ജനനം, താമസം എന്നിവയാണ് പൗരത്വത്തിനുള്ള മാനദണ്ഡമായി പറയുന്നത് . പൗരത്വം നല്‍കുന്നതിന് മതം ഒരു ഘടകമാക്കിയെടുക്കാന്‍ സാധിക്കില്ല. ദ്വി രാഷ്ട്ര സിദ്ധാന്തത്തിന് നിയമത്തിന്റെ നിറം നല്‍കുകയാണ് ഈ ബില്ലിലൂടെ ചെയ്യുന്നത്

ദ്വി രാഷ്ട്ര സിദ്ധാന്തം സവര്‍ക്കറായിരുന്നു വിഭാവനം ചെയ്തത്. അത് കോണ്‍ഗ്രസിന്റെ സിദ്ധാന്തമായിരുന്നില്ല. അമിത് ഷാ ഏത് ചരിത്ര പുസ്തകമാണ് വായിച്ചതെന്ന് മനസിലാകുന്നില്ല.

'ഞാന്‍ സവര്‍ക്കറെ ഉദ്ധരിക്കുന്നു. 'ഇന്ത്യയില്‍ രണ്ട് വിരുദ്ധ രാഷ്ട്രങ്ങള്‍ വര്‍ഷങ്ങളായിട്ടുണ്ട്‌. ഇന്ത്യ ഇതിനകം തന്നെ ഐക്യമുള്ള ഒരു രാജ്യമായി വിളക്കിച്ചേര്‍ക്കപ്പെട്ടുവെന്ന് കരുതുന്നതില്‍ രാഷ്ട്രീയക്കാരെ നിങ്ങള്‍ക്ക് ഗുരുതരമായ തെറ്റ് സംഭവിച്ചിരിക്കുന്നു. അല്ലെങ്കില്‍ ഐക്യമുള്ള ഒരു രാഷ്ട്രമെന്നത് നിങ്ങളുടെ സ്വപ്നം മാത്രമാണ്''

രണ്ട് രാഷ്ട്രങ്ങള്‍ എന്ന സിദ്ധാന്തം തയ്യാറാക്കിയത് സവര്‍ക്കറാണ്. അല്ലാതെ കോണ്‍ഗ്രസല്ല

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ അംബേദ്കര്‍ ഒരിക്കല്‍ എഴുതി

ഇത് വളരെ വിചിത്രമാണ്. പരസ്പരം എതിര്‍ക്കുന്ന രണ്ട് പേര്‍ സവര്‍ക്കറും ജിന്നയും രണ്ടും പേരും ഒരു കാര്യത്തില്‍ യോജിക്കുന്നു. ഇന്ത്യയില്‍ രണ്ട് രാഷ്ട്രങ്ങളുണ്ട് എന്ന് അവര്‍ പറയുന്നു. ഒരു മുസ്ലിം രാഷ്ട്രവും ഒരു ഹിന്ദു രാഷ്ട്രവും. അവര്‍ യോജിക്കുക മാത്രമല്ല, ശക്തമായി ഉന്നയിക്കുകയും ചെയ്യുന്നു.

ഇനിയും നിങ്ങള്‍ക്ക് എങ്ങനെയാണ് കോണ്‍ഗ്രസ് ഈ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചുവെന്ന് പറയാനാവുക. കോണ്‍ഗ്രസ് അന്നും ഇന്നും ഒരു രാജ്യം എന്ന ആശയത്തിലാണ് വിശ്വസിക്കുന്നത്..പക്ഷേ നിങ്ങള്‍ക്ക് ആ ആശയത്തില്‍ വിശ്വാസമില്ല.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ നമ്മുടെ ചരിത്രത്തെയാണ് മാറ്റാന്‍ ശ്രമിക്കുന്നത്.

കോടിക്കണക്കിന് ആളുകള്‍ നാളെ രാവിലെ പ്രതീക്ഷയുടെ കിരണം കാണുമെന്ന് നിങ്ങള്‍ പറയുന്നു. പക്ഷേ ഞാന്‍ പറയുന്നു ലക്ഷക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ ഈ രാത്രി അവസാനിക്കില്ല. ഈ ഇരുണ്ട രാത്രി ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല.

ഇന്ത്യയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവര്‍ക്ക് ഇന്ത്യ എന്ന ആശയം സംരക്ഷിക്കാന്‍ കഴിയില്ല ..ഇന്ത്യയെന്ന റിപ്പബ്ലിക്ക് രാജ്യത്തെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുത്'

നേരത്തെ ദ്വിരാഷ്ട്ര വാദം ഉയര്‍ത്തി ഇന്ത്യയെ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. മുസ്ലീങ്ങള്‍ ആരും ബില്ലിനെ ഭയക്കേണ്ടതില്ലെന്നും ചര്‍ച്ചക്കിടയില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കപില്‍ സിബല്‍ ആഞ്ഞടിച്ചത്.

പ്രതിപക്ഷത്തിന്റേത് പാകിസ്താന്റെ സ്വരം -പ്രധാനമന്ത്രി......

Content Highlight: Don't convert India into Jurassic republic': Kapil Sibal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram