തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നിരാഹാരസമരം


ഒ.പനീര്‍സെല്‍വം രാജ്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തി.

ചെന്നൈ: തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ നേട്ടം കൊയ്യാന്‍ മുഖ്യപ്രതിപക്ഷമായ ഡിഎംകെയുടെ നീക്കങ്ങള്‍ സജീവമാക്കി.

സര്‍ക്കാരിനും എഐഡിഎംകെയ്ക്കുമെതിരായ ജനവികാരം ആളികത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 22-ന് തമിഴ്‌നാട്ടിലെമ്പാടും നിരാഹാരസമരം നടത്തുവാന്‍ ഡിഎംകെ ആഹ്വാനം ചെയ്തു.

തമിഴ്‌നാടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും നിയമസഭയിലുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ചും രാഷ്ട്രപതിയെ നേരില്‍ കണ്ട് വിശദീകരിക്കുമെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷനേതാവുമായ എംകെ സ്റ്റാലിന്‍ പറഞ്ഞു. 22-ന് നടക്കുന്ന നിരാഹരസമരം വിജയമാക്കാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ച സ്റ്റാലിന്‍, തിരുച്ചിയില്‍ സമരത്തിന്റെ ഭാഗമാകുമെന്നും വ്യക്തമാക്കി.

ശനിയാഴ്ച വിശ്വാസവോട്ടെടുപ്പിനിടെ തമിഴ്‌നാട് നിയമസഭയിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചെന്നൈ മറീന ബീച്ചിലെ ഗാന്ധി സ്മാരകത്തില്‍ ഡിഎംകെ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.

സ്ഥലത്തെത്തിയ പോലീസ് സ്റ്റാലിനേയും ഡിഎംകെ നേതാക്കളേയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. എന്നാല്‍ നഗരത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഞായറാഴ്ച സ്റ്റാലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയുടേയും തമിഴ്‌നാടിന്റേയും ചുമതല വഹിക്കുന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനെ തുടര്‍ന്ന് ഇപ്പോഴും ചെന്നൈയില്‍ തുടരുകയാണ്. മുഖമന്ത്രി എടപ്പാടി പളനിച്ചാമിയും മുന്‍മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും രാജ്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram