ജോധ്പുര്‍: താന്‍ കഴുതയുടെ ഇനത്തില്‍പ്പട്ടയാളാണെന്ന് ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു. ആശാറാം വ്യാജ സന്ന്യാസിയാണെന്ന അഖാഡ ഭാരതീയ പരിക്ഷത്തിന്റെ ആരോപണത്തോട് എന്താണ് പ്രതികരണമെന്ന് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനോടാണ് ആശാറാം ബാപ്പു പൊട്ടിത്തെറിച്ചത്.
ജോധ്പുരിലെ ആശ്രമത്തില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തടവില്‍ കഴിയുന്ന ആശറാം ബാപ്പു കോടതിയിലെത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. സന്ന്യാസികളുടേയും സാധുക്കളുടേയും സംഘത്തില്‍ നിന്നും ആശാറാമിനെ പുറത്താക്കിയതിനാല്‍ ഇപ്പോള്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നുവെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനായിരുന്നു ആശാറാം രോക്ഷം കൊണ്ടത്. ചോദ്യത്തിന് കഴുതയുടെ ഗണത്തില്‍ എന്നായിരുന്നു ആശാറാമിന്റെ മറുപടി.
കഴിഞ്ഞ ദിവസമാണ് ആശാറാം വ്യാജ സന്ന്യാസിയാണെന്ന് അഖില ഭാരതീയ അഖാഡ പരിക്ഷത്ത് ആരോപിച്ചത്. സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളുടെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെ ഭക്തര്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട് വ്യാജ ബാബമാരുടെ പട്ടിക പരീക്ഷത്ത് പുറത്തുവിടുകയും ചെയ്തു. ആശാറാമിന്റേയും അദ്ദേഹത്തിന്റെ മകന്‍ നാരായണ്‍ സായിയുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ആശാറാമിന്റെ അനുയായിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ നാരായണ്‍ സായിയും ഗുജറാത്തിലെ ജയിലില്‍ തടവിലാണ്. ഗുര്‍മീത് റാം റഹീം സിങ്ങും രാംപാലും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.
ബലാത്സംഗ കേസില്‍ 2013 ലാണ് ആശാറാം തടവിലായത്. ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഏഴോളം ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു.