ചെന്നൈ: എംഎല്‍എമാരുടെ കൂറുമാറ്റ കേസില്‍ പളനിസാമി സര്‍ക്കാരിന് ആശ്വാസമായി തമിഴ്‌നാട് ഹൈക്കോടതിയുടെ വിധി. ടിടിവി ദിനകരന്‍ പക്ഷത്തുള്ള 18 എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ഹൈക്കോടതി ജഡ്ജി സത്യനാരായണനാണ് വിധി പുറപ്പെടുവിച്ചത്.
പളനിസാമിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 2017 സെപ്റ്റംബര്‍ 18ന് ഗവര്‍ണറെ സമീപിച്ചതിനെ തുടര്‍ന്നാണ് 18 എംഎല്‍എമാരെ പി. ധനപാലന്‍ അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ചെന്ന പരാതിയിലായിരുന്നു സ്പീക്കറുടെ നടപടി.
ഈ നടപടിക്കെതിരെ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി വിവിധ ബെഞ്ചുകള്‍ പരിഗണിക്കുകയും കഴിഞ്ഞ ജൂണില്‍ രണ്ടു ജഡിജിമാര്‍ വ്യത്യസ്ത വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നാമതൊരു ജഡ്ജികൂടി കേസ് പരിഗണിക്കുകയായിരുന്നു. ഇതിന്റെ വിധിയാണ് ഇന്ന് വന്നിരിക്കുന്നത്.
വിധി എം.എല്‍.എ.മാര്‍ക്ക് അനുകൂലമായാല്‍ ഭരണപക്ഷം നിയമസഭയില്‍ ന്യൂനപക്ഷമാകുന്ന സാഹചര്യം ഉണ്ടാവുകയും വിമതരുടെ അംഗസഖ്യ 25 ആയി ഉയരുകയും ചെയ്യുമായിരുന്നു. ഇതോടെ ഭരണപക്ഷത്തിന്റെ അംഗബലം 110 ആയി കുറയും. ഇത് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യമുണ്ടാക്കുമായിരുന്നു.
ഇന്ന് വിധി വരാനിരുന്ന സാഹചര്യത്തില്‍ കൂറുമാറിയ 18 എംഎല്‍എമാരും രണ്ട് സ്വതന്ത്ര എംഎല്‍എമാരും അടക്കം 20 എംഎല്‍എമാരെ കുറ്റാലത്തുള്ള റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. രണ്ട് എല്‍എല്‍എമാര്‍ മരണപ്പെട്ടത് ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ 20 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Content Highlights: disqualification case, Madras High Court, Verdict on Disqualification of AIADMK MLAs