നോട്ട് നിരോധനം ഇന്ത്യയുടെ വളർച്ചയെ ബാധിച്ചെന്ന് ഗീതാ ഗോപിനാഥ്


നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ പാദവാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ രണ്ട് ശതമാനമോ അതിലധികമോ ഇടിവുണ്ടായതായും പഠനത്തില്‍ പറയുന്നു.

ന്യൂഡല്‍ഹി: നോട്ട് നിരോധനം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിച്ചെന്ന് ഐ.എം.എഫ് ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പഠനം. നോട്ട് നിരോധനം മൂലം ഇന്ത്യയുടെ 2016 നവംബര്‍, ഡിസംബര്‍ മാസത്തെ സാമ്പത്തിക വളർച്ചയിലും തൊഴില്‍മേഖലയിലും മൂന്ന് ശതമാനം ഇടിവുണ്ടായതായി പഠനം വ്യക്തമാക്കുന്നു. ഈ ഇടിവ് സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിതിവിവരപ്പട്ടികയില്‍ ഇല്ലെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.

നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ പാദവാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ രണ്ട് ശതമാനം പോയന്റോ അതിലധികമോ ഇടിവുണ്ടായതായും പഠനത്തില്‍ പറയുന്നു. നോട്ട് നിരോധനം സംഭവിച്ചില്ലായിരുന്നെങ്കില്‍ 2016 സെപ്തംബര്‍-ഡിസംബര്‍ പാദവര്‍ഷത്തെ ജിഡിപി വളര്‍ച്ച 2 ശതമാനം വര്‍ധിക്കുമായിരുന്നെന്നു പഠനം നിരീക്ഷിക്കുന്നു.

ജി.ഡി.പിയെ കുറിച്ചുള്ള ദേശീയ വിവരശേഖരണത്തില്‍ അനൗപചാരിക മേഖലകളെ കുറിച്ച് വളരെ പരിമിതമായ കണക്കുകള്‍ മാത്രമേ ഉള്ളുവെന്നതാണ് സംഘത്തിന്റെ മറ്റൊരു പ്രധാന നിരീക്ഷണം. അതിനാല്‍ തന്നെ ജില്ലാ തലങ്ങളില്‍ നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം വിലയിരുത്തുന്നതിനായി തൊഴിലിനെ കുറിച്ചുള്ള പുതിയ സര്‍വേയും സാറ്റലൈറ്റ് ഡാറ്റയും ഉപയോഗിച്ചാണ് ഗീതാ ഗോപിനാഥും സംഘവും പഠനം നടത്തിയത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് വലിയ ആഘാതങ്ങളുണ്ടായ ജില്ലകളില്‍ പേടിഎം പോലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചു. ഇവിടങ്ങളില്‍ ബദല്‍ പണമിടപാട് മാര്‍ഗങ്ങള്‍ ജനങ്ങള്‍ കൂടുതലായി ഉപയോഗിച്ചു. ബാങ്ക് നിക്ഷേപവും ലോണുകള്‍ എടുക്കുന്ന പ്രവണതയും വര്‍ധിച്ചതായും പഠനം പറയുന്നു. ഗീതാ ഗോപിനാഥും മറ്റ് മൂന്ന് സാമ്പത്തിക വിദഗ്ദരും ചേര്‍ന്ന് തയ്യാറാക്കിയ പഠനം അമേരിക്കയിലെ നാഷണല്‍ ബ്യൂറോ ഓഫ് എക്കണോമിക്ക് റിസര്‍ച്ചറിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

content highlights: Demonetisation Hit India's Growth Says Paper by Gita Gopinath

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram