ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ ഡല്‍ഹി സര്‍വകലാശാല അധ്യാപകരുടെ പ്രതിഷേധം. സര്‍വകലാശാലയിലെ ഇരുന്നൂറിലേറെ അധ്യാപകരാണ് മോദിയുടെ പരാമര്‍ശത്തെ അപലപിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്.
ഡല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍(ഡിയുടിഎ) പ്രസിഡന്റ് ആദിത്യ നാരായണന്‍ മിശ്ര, ഡല്‍ഹി സര്‍വകലാശാലയിലെ രണ്ട് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍, മൂന്ന് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയ 207 അധ്യാപകരാണ് പ്രതിഷേധ പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
രാജീവ് ഗാന്ധിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസിന് കളങ്കംവരുത്തിയെന്നും ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രത്തോളം തരംതാഴ്ന്നിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. രാജീവ് ഗാന്ധിയുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കുമറിയാമെന്ന് വിശദമാക്കുന്ന പ്രസ്താവനയില്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് ടെലികോം രംഗത്തും മറ്റു കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
കാര്‍ഗില്‍ യുദ്ധസമയത്ത് സൈനികര്‍ രാജീവ് ഗാന്ധിയെ പ്രശംസിച്ച് മുദ്രാവാക്യം വിളിച്ചത് എല്ലാവര്‍ക്കുമറിയാവുന്നതാണ്. രാജ്യത്തെ ഐ.ടി. കമ്പനികള്‍ ഇപ്പോള്‍ ബില്യണ്‍ ഡോളറിന്റെ വരുമാനം നേടുന്നുണ്ടെങ്കില്‍ അത് രാജീവ് ഗാന്ധിയുടെ ദീര്‍ഘദൃഷ്ടിയുടെ ഫലമാണെന്നും പ്രസ്താവനയില്‍ പറയുന്നു. അധ്യാപകരുടെ പ്രതിഷേധം ഏറെ ചര്‍ച്ചയായതോടെ കോണ്‍ഗ്രസ് നേതാക്കളും ഈ പ്രസ്താവന സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
Content Highlights: delhi university teachers public statement against pm modi over his remarks about rajiv gandhi