ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. മകളെയുമെടുത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡല്‍ഹിയിലെ ഷാഹ്ദരയില്‍ തിങ്കളാഴ്ചയാണ് സംഭവം.
സുരേഷ് കുമാര്‍(35) നാല് വയസുകാരിയായ മകളെയെടുത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കുഞ്ഞിനെയുമെടുത്ത് സുരേഷ് കുമാര്‍ ചാടുന്നതു കണ്ട് പിന്നാലെയെത്തിയ ഭാര്യ മന്‍ജീത് കൗറും ടെറസ്സില്‍ നിന്ന് താഴേക്ക് ചാടി. ആശുപത്രിയില്‍ ചികിത്സയിലുള്ള മന്‍ജീതും മകളും അപകടനില തരണം ചെയ്തു. വീഴ്ചയില്‍ കുട്ടിയുടെ കാലുകള്‍ പൊട്ടിയിട്ടുണ്ട്.
വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളിലായി സുരേഷ് കുമാര്‍ എട്ട് ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിന്ന് നിരന്തരം ഫോണ്‍വിളികളും മെസേജുകളും വന്നിരുന്നതായും ഇതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി സുരേഷ് കുമാര്‍ മാനസികവ്യഥയിലായിരുന്നെന്നും മന്‍ജീത് പറഞ്ഞു.
മൂന്നുപേരും റോഡില്‍ വീണുകിടക്കുന്ന കണ്ട അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. മൂന്നുപേരേയും ഉടന്‍ തന്നെ ജിടിബി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ സുരേഷ് കുമാര്‍ മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഗുരുഗ്രാമിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്നു സുരേഷ് കുമാര്‍.