ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹ കേസ് എന്‍ഐഎക്ക് വിടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി.
കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനു ശേഷമുണ്ടായ വിദ്യാര്‍ഥി പ്രതിഷേധവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെയും സത്യാവസ്ഥ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കനയ്യ കുമാറിനെ ഹാജരാക്കിയ പാട്യാല കോടതിയില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് ഹൈക്കോടതി ഹര്‍ജി സ്വീകരിച്ചത്.
എ. അഗ്നിഹോത്രി എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഡല്‍ഹി പോലീസ് ശരിയായ രീതിയിലല്ല കേസ് അന്വേഷിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
പോലീസ് കേസ് അന്വേഷിക്കുകയാണ്, എന്തിനാണ് ഇത്ര തിടുക്കം വെക്കുന്നതെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കേസ് കൂടുതല്‍ വാദങ്ങള്‍ക്കായി ചൊവാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്നതിന് ചടങ്ങ് സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് എ.ഐ.എസ്.എഫ് നേതാവും യൂണിയന്‍ ചെയര്‍മാനുമായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്.