ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഒഡീഷയിലെ തീരമേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന എട്ടുലക്ഷം പേരെയാണ് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത്. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, നാവിക സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്.
തീരമേഖലയിലെ 11 ജില്ലകളില്‍നിന്ന് ഒഴിപ്പിക്കുന്നവരെ താത്കാലികമായി താമസിപ്പിക്കാന്‍ 880 സുരക്ഷിതകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. പുരിയില്‍നിന്ന് വിനോദസഞ്ചാരികള്‍ക്ക് മടങ്ങാനായി മൂന്ന് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. പുരിയില്‍നിന്ന് ഹൗറ വരെയാണ് ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുക.
ബംഗാള്‍ ഉള്‍ക്കടലിലെ ഒ.എന്‍.ജി.സി. റിഗ്ഗുകളില്‍നിന്ന് 500 തൊഴിലാളികളെ ഇതിനകം സുരക്ഷിതമായി കരയിലെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഒ.എന്‍.ജി.സി.യുടെ തൊഴിലാളികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അതേസമയം, റിഫൈനറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടില്ലെങ്കിലും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ 28 സംഘങ്ങളാണ് ഒഡീഷയിലെത്തിയിരിക്കുന്നത്. 12 സംഘങ്ങള്‍ ആന്ധ്രാപ്രദേശിലും ആറു സംഘങ്ങള്‍ പശ്ചിമബംഗാളിലും ക്യാമ്പ് ചെയ്യുന്നു. ഇതിനുപുറമേ മുപ്പതിലധികം സംഘങ്ങള്‍ ഏത് സാഹചര്യവും നേരിടാനായി സദാസമയവും തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഒഡീഷ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 200 കി.മീ. വരെ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന ചുഴലിക്കാറ്റ് ഒഡീഷയിലെ 11 ജില്ലകളില്‍ കനത്തനാശം വിതച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Content Highlights: cyclone fani; mass evacuation in odisha, evacuate almost 8 lakh people from 11 districts