ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ഒഡീഷയില്‍ മരണസംഖ്യ 29 കടന്നു. തീരപ്രദേശങ്ങളിലാണ് നാശനഷ്ടങ്ങള്‍ ഏറെയും. വൈദ്യുതി ബന്ധങ്ങളെല്ലാം വിഛേദിക്കപ്പെട്ട ഇവിടങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഫോനി ഏറ്റവും തീവ്രമായി ബാധിച്ച പുരി, ഖുദ്ര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ദുരിതാശ്വാസ സഹായങ്ങള്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് 50 കിലോ അരി, 2000 രൂപ, പോളിത്തീന്‍ ഷീറ്റുകള്‍ എന്നിവ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വ്യക്തമാക്കി.
ചുഴലിക്കാറ്റില്‍ പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 95,100 രൂപ ധനസഹായവും വലിയ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 52,000 രൂപയുടെ ധനസഹായവും ചെറിയ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 3200 രൂപയുടെ ധനസഹായവും സര്‍ക്കാര്‍ നല്‍കും. ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം തീര്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കയാണ്. സംസ്ഥാനത്തുണ്ടായ 29 മരണങ്ങളില്‍ 21 ഉം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തീര്‍ത്ഥാടന നഗരമായ പുരിയിലാണ്. സംസ്ഥാനത്തെ ആയിരത്തിലധികം ഗ്രാമങ്ങളിലും 52 നഗരപ്രദേശങ്ങളിലും വീശിയടിച്ച ഫോനി ഒരു കോടിയോളം ജനങ്ങളെ ബാധിച്ചതായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
content highlights: Cyclone Fani: Death toll rises to 29 in Odisha, CM announces relief package