ന്യൂഡല്‍ഹി: അലോക് വര്‍മ്മയെ സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ തീരുമാനമെടുത്ത ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിട്‌സും പുറത്താക്കാന്‍ ആധാരമായ സിവിസി റിപ്പോര്‍ട്ടും പരസ്യപ്പെടുത്തണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അലോക് വര്‍മ്മക്കെതിരായ സി.വി.സി. റിപ്പോര്‍ട്ടും യോഗത്തിലെ മിനുട്‌സും തയ്യാറാക്കി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.
അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനിച്ച ഉന്നതാധികാര സമിതിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അംഗമായിരുന്നു. എന്നാല്‍ അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കംചെയ്യാനുള്ള തീരുമാനത്തെ ഖാര്‍ഗെശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഖാര്‍ഗെയുടെ എതിര്‍പ്പ് രേഖപ്പെടുത്തിയാണ് സമിതി യോഗത്തില്‍ അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.
സമിതിയിലെ മറ്റ് അംഗങ്ങളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജസ്റ്റിസ് എ.കെ. സിക്രിയും അലോക് വര്‍മ്മയെ പുറത്താക്കണമെന്ന് തീരുമാനമെടുത്തപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാത്രം വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസ് എ.കെ. പട്‌നായിക് തയ്യാറാക്കിയ സി.വി.സി. റിപ്പോര്‍ട്ടില്‍ അലോക് വര്‍മ്മക്കെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നായിരുന്നു ഖാര്‍ഗെയുടെ അവകാശവാദം.
എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഉന്നതാധികാരസമിതി തീരുമാനിച്ചത്. സമിതിയുടെ തീരുമാനത്തിനെതിരേ ജസ്റ്റിസ് എ.കെ. പട്‌നായിക്കും നേരത്തെ രംഗത്തെത്തിയിരുന്നു.
Content Highlights: CVC report on Alok Verma, minutes of panel meet public-kharge
Share this Article
Related Topics