റാഞ്ചി: ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം സൂക്ഷിച്ചെന്ന് ആരോപിച്ച് അലമുദ്ദീന്‍ എന്നയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവപരന്ത്യം തടവു ശിക്ഷ. ജാര്‍ഖണ്ഡ് രാംഗഢിലെ അതിവേഗ കോടതിയുടേതാണ് വിധി.
ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്ന ആക്രമങ്ങളിലും കൊലപാതകങ്ങളിലും ആദ്യമായുണ്ടാകുന്ന കോടതി വിധിയാണിത്. 2017 ജൂണിലാണ് ബീഫ് കൈവശം സൂക്ഷിച്ചെന്ന് ആരോപിച്ച് രാംഗഢില്‍ ആള്‍ക്കൂട്ടം അലമൂദ്ദീനെ മര്‍ദ്ദിച്ച് കൊന്നത്. ഈ കേസില്‍ ബിജെപിയുടെ പ്രദേശിക നേതാവ് ഉള്‍പ്പെടെ 11 പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് 11 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ പരക്കെ ആക്രമണങ്ങളും കൊലപാതകങ്ങളും അരങ്ങേറിയിരുന്നു.
എന്നാല്‍, ഇതുസംബന്ധിച്ച കേസുകളില്‍ ആദ്യമായാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത്. ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമങ്ങള്‍ തടയാന്‍ പ്രത്യേക നിയമം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സുപ്രീം കോടതി മുമ്പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Share this Article
Related Topics