ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത് ജാതിനോക്കിയാണെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെ പരാമര്‍ശം വിവാദത്തില്‍. ജാതിപരമായ ആനുകൂല്യത്താലാണ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതെന്ന അശോക് ഗെഹ്ലോത്തിന്റെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രംഗത്തെത്തി.
ജയ്പൂരിലെ പത്രസമ്മേളനത്തിനിടെയാണ് അശോക് ഗെഹ്ലോത് വിവാദപരാമര്‍ശം നടത്തിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ആശങ്കയിലായിരുന്ന ബി.ജെ.പി. ഗുജറാത്തിലെ വിവിധ വിഭാഗങ്ങളെ പ്രീതിപ്പെടുത്താനാണ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഭയന്ന അമിത് ഷായാണ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കി ജാതീയസമവാക്യങ്ങള്‍ തൃപ്തികരമാക്കിയതെന്നും അശോക് ഗെഹ്‌ലോത് പറഞ്ഞിരുന്നു. അദ്വാനി രാഷ്ടപതിയാകുമെന്നാണ് രാജ്യം പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ അദ്വാനിയെ അവര്‍ പുറത്താക്കിയെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. താന്‍ വായിച്ച ഒരു ലേഖനത്തെ ഉദ്ധരിച്ചായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം, രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ദളിത് വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസും അശോക് ഗെഹ്‌ലോത്തും മാപ്പ് പറയണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിക്കെതിരേ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. എന്നാല്‍ അശോക് ഗെഹ്‌ലോത്തിന്റേത് വ്യക്തിപരമായ അഭിപ്രായമല്ലെന്നും ഒരു ലേഖനത്തില്‍ വായിച്ച കാര്യങ്ങളാണ് അദ്ദേഹം വിശദീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
Content Highlights: controversy over rajasthan cm ashok gehlot statement about president ramnath kovind