മോദിയെ നിരക്ഷരന്‍ എന്നുവിളിച്ച കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍


സഞ്ജയ് നിരൂപത്തിന്റെ പരാമര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര ബിജെപി രംഗത്തെത്തി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനെന്നും വിദ്യാഭ്യാസമില്ലാത്തവനെന്നും മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരൂപം. മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചാണ് സഞ്ജയ് നിരൂപം ഇങ്ങനെ പറഞ്ഞത്.

സഞ്ജയ് നിരൂപത്തിന്റെ പരാമര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര ബിജെപി രംഗത്തെത്തി. സഞ്ജയ് നിരൂപം മാനസിക തകരാറുള്ളയാളാണെന്ന് ബിജെപി വക്താവ് ഷൈന എന്‍.സി.പറഞ്ഞു. രാജ്യത്തെ 125 കോടി ജനങ്ങളാണ് മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്ന കാര്യം മറക്കണ്ട. അവര്‍ വിദ്യഭ്യാസമില്ലാത്തവരല്ല. കോണ്‍ഗ്രസിന്റെ അപ്രസക്തമായ ചോദ്യങ്ങള്‍ക്ക് 2019-ല്‍ ജനങ്ങള്‍ തക്ക മറുപടി നല്‍കുമെന്നും അവര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഒരു വാര്‍ത്താ ചാനലിലായിരുന്നു സഞ്ജയ് നിരൂപത്തിന്റെ പ്രസ്താവന. മോദിയെ കുറിച്ചുള്ള ഹ്രസ്വ ചിത്രം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് തെറ്റാണ്. കുട്ടികളെ രാഷ്ട്രീത്തില്‍ നിന്ന് മാറ്റി നിറുത്തണം. വിദ്യാഭ്യാസമില്ലാത്തതും നിരക്ഷരനുമായ മോദിയെ പോലുള്ള ഒരു വ്യക്തിയെ കുറിച്ചുള്ള ഹ്രസ്വചിത്രത്തില്‍ നിന്ന് കുട്ടികള്‍ എന്ത് പഠിക്കാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പ്രധാനമന്ത്രിയുടെ എത്ര ബിരുദങ്ങള്‍ നേടിയിട്ടുണ്ടെന്ന് കുട്ടികള്‍ക്കും ജനങ്ങള്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാക്കുകളെ വിമര്‍ശിച്ചവരോട് ജനാധിപത്യത്തില്‍ പ്രധാനമന്ത്രി ദൈവമല്ലെന്നായിരുന്നു സഞ്ജയ് നിരൂപത്തിന്റെ മറുപടി. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സഞ്ജയ് നിരൂപം അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്‌തെന്ന് ബിജെപി എംപി. അനില്‍ ശിറോളെ പറഞ്ഞു.

മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ സെപ്റ്റംബര്‍ 18-നാണ് മോദിയെ കുറിച്ചുള്ള ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കുക. 'ചലോ ജീത്തെ ഹെ' എന്ന ഹ്രസ്വ ചിത്രം സാമൂഹി സന്ദേശം നല്‍കുന്നതും കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നതുമാണെന്നാണ് മഹരാഷ്ട്ര സര്‍ക്കാരിന്റെ വാദം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram