ലക്‌നൗ: കോണ്‍ഗ്രസിനെ തള്ളി എസ്.പിയും ബി.എസ്.പിയും സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ എണ്‍പത് സീറ്റുകളിലും തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം 13 റാലികള്‍ നടത്താനും തീരുമാനിച്ചു.
ഫെബ്രുവരി മുതല്‍ നടക്കുന്ന റാലികളില്‍ എല്ലായിടത്തും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. സംസ്ഥാനത്തെ 13 മേഖലകളിലാണ് റാലികള്‍ നടക്കുക. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബറും കൂടിക്കാഴ്ച നടത്തി.
'ലോക്‌സഭയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് എല്ലാവര്‍ക്കും അറിയാം. ബി.ജെ.പിയെ എതിര്‍ക്കുന്ന പാര്‍ട്ടികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അത്തരം പാര്‍ട്ടികളില്‍ നിന്നുള്ള സഹായങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിക്കും.' - ഗുലാം നബി ആസാദ് വ്യക്തമാക്കി. നേരത്തെ മായാവതിയും അഖിലേഷും സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളുടേതായ തീരുമാനം എടുക്കുമെന്ന് രാഹഗുല്‍ ഗാന്ധി വെളിപ്പെടുത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി 38 വീതം സീറ്റുകളില്‍ മത്സരിക്കാനായിരുന്നു എസ്.പി-ബി.എസ്.പി തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും സീറ്റുകളായ അമേഠിയിലും റായ്ബറേലിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും മായാവതി പ്രഖ്യാപിച്ചിരുന്നു. 1992 ലെ തകര്‍ച്ചയ്ക്ക് ശേഷം യുപിയില്‍ തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.
എസ്.പിയും ബി.എസ്.പിയും മാറി മാറി വിജയിച്ച സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു.
content highlights: Congress Plans For 80 Lok Sabha Seats In UP