ഭോപ്പാല്‍: പൃഥ്വിരാജ് ചൗഹാനുള്‍പ്പെടെ ഭാരതത്തിലെ പല രാജാക്കന്മാര്‍ക്കും രാജ്യം നഷ്ടപ്പെട്ടത് മദ്യത്തോടുള്ള അമിതാസക്തി കാരണമായിരുന്നെന്നും അതിനാല്‍ ഒരിക്കലും മദ്യപിക്കരുതെന്നും സ്‌കൂള്‍ വിദ്യാര്‍ഥികളോടുള്ള കോണ്‍ഗ്രസ് എംഎല്‍എയുടെ ഉപദേശം വിവാദമാകുന്നു. ശിശുദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ മൂറേന ജില്ലയിലെ ഒരു സ്‌കൂളില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സബല്‍ഗഡ് എംഎല്‍എ ബൈജ്‌നാഥ് കുശ്‌വാഹ വിവാദപരാമര്‍ശം നടത്തിയത്.
പൃഥ്വിരാജ് ചൗഹാന്‍, മഹോബ രാജാവ് പരിമള്‍, കനൗജിലെ രാജാവ് ജയ്ചന്ദ് ഇവരൊക്കെ മികച്ച ഭരണാധികാരികളായിരുന്നെങ്കിലും ഇപ്പോഴവരുടെ കോട്ടകളിലും കൊട്ടാരങ്ങളിലും വാവലുകള്‍ പറന്നു നടക്കുകയാണെന്നും അവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ലെന്നും എംഎല്‍എ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. കുടിക്കുന്ന രീതിയില്‍ ആംഗ്യം കാട്ടി, ഇതാണ് കാരണം എന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ കാണ്‍കെ മദ്യപിക്കരുതെന്ന മാതാപിതാക്കളോട് എംഎല്‍എ ആവശ്യപ്പെടുകയും ചെയ്തു. അത് കാണാനിടയായാല്‍ കുട്ടികള്‍ ഭാവിയില്‍ മദ്യപിക്കുന്ന ശീലം പിന്തുടരാനിടയാവുമെന്നും എംഎല്‍എ ഉപദേശിച്ചു. മദ്യവും മയക്കുമരുന്നും കാരണമാണ് ലോകത്തിലെ മിക്ക സാമ്രാജ്യങ്ങളും നാമാവശേഷമായതെന്നും അതേ രീതിയില്‍ നിങ്ങളുടെ ഗോത്രവും നശിക്കുമെന്നും ബൈജ്‌നാഥ് പറഞ്ഞു.
എന്നാല്‍ വിവാദപരാമര്‍ശം പ്രതിപക്ഷമുള്‍പ്പെടെ ഏറ്റെടുത്തതോടെ ബൈജുനാഥ് ഖേദപ്രകടനം നടത്തി. പൃഥ്വിരാജ് ചൗഹാനെ പോലൊരു രാജാവിനെ മദ്യപാനിയെന്ന് തനിക്കൊരിക്കലും വിശേഷിപ്പിക്കാനാവില്ലെന്ന് എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ ചരിത്രപുരുഷന്മാരെ അവഹേളിച്ച ബൈജ്‌നാഥ് കുശ് വാഹ സ്‌കൂളിലെത്തി മാപ്പ് പറയണമെന്ന് ബിജെപി വക്താവ് രജ്‌നീഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നെഹ്‌റു-ഗാന്ധി കുടുംബങ്ങളെ കുറിച്ച് മാത്രമേ ഉത്കണ്ഠയുള്ളുവെന്നും എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
Congress MLA’s Children’s Day advice never touch alcohol Backfires