രാഹുല്‍ ഇഫക്ട് വോട്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു: അഹമ്മദ്‌ പട്ടേല്‍


സഖ്യമുണ്ടാക്കിയതിലും സീറ്റ് വിഭജനത്തിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും അഹമ്മദ് പട്ടേലിന്റെ വിമര്‍ശനം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ സ്വയം വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ അഹമ്മദ്‌ പട്ടേല്‍. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിലും രാഹുലിന്റെ ജനപ്രീതി വോട്ടാക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലുടനീളം രാഹുല്‍ നടത്തിയ തിരഞ്ഞെടുപ്പ് പര്യടനങ്ങളില്‍ നിന്ന് ആര്‍ജിച്ച ജനപ്രീത വോട്ടാക്കി മാറ്റുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചതിലും മികച്ച വരവേല്‍പ്പായിരുന്നു രാഹുലിന് ലഭിച്ചതെന്നും അഹമ്മദ്‌ പട്ടേല്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ എട്ട്, ഒന്‍പത് സീറ്റുകളില്‍ കൂടി വിജയിക്കാന്‍ സാധിക്കുമായിരുന്നു. സംസ്ഥാനത്ത് ബിജെപിയുടെ ഭരണത്തില്‍ അസന്തുഷ്ടരായ നിരവധി ആളുകള്‍ ഉണ്ടെന്നും അഹമ്മദ്‌ പട്ടേല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതില്‍ പാര്‍ട്ടി ഏറെ ജാഗ്രത പുലര്‍ത്തണമായിരുന്നു. സീറ്റ് വിഭജനത്തിലും ഉഭയകക്ഷി ചര്‍ച്ചകളിലും പാര്‍ട്ടി അല്‍പം കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം വിമര്‍ശിച്ചു.

സഖ്യകക്ഷികള്‍ നിര്‍ത്തിയതിലും മികച്ച സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നെന്നും അഹമ്മദ്‌ പട്ടേല്‍ അവകാശപ്പെട്ടു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ കഠിനാധ്വാനം പ്രശംസനീയമാണ്. എന്നാല്‍, പോളിങ് ദിവസം ജനങ്ങളെ വോട്ട് ചെയ്യിപ്പിക്കേണ്ടത് അദ്ദേഹമല്ല. ദേശിയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ഏകോപിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. എന്നാല്‍, ഈ ഏകോപനമാണ് ബിജെപിയുടെ വിജയമെന്നും അദ്ദേഹം അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram