ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതിന് പിന്നാലെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബി ജെ പി യും കോണ്‍ഗ്രസും.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ 'മസൂദ് അസര്‍ ജി' എന്ന് വിശേഷിപ്പിച്ച വീഡിയോയുമായി ബിജെപി രംഗത്തെത്തിയതിന് പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ലഷ്കര്‍ തലവന്‍ ഹാഫിസ് സയിദിനെ ഹാഫിസ് ജി എന്ന് വിശേഷിപ്പിച്ച വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രാഹുല്‍ഗാന്ധിക്കെതിരേ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്.
മുന്‍പ് ദ്വിഗ്വിജയ് ജി 'ഒസാമ ജീ' എന്നും 'ഹാഫിസ് സയീദ് സാഹിബ്' എന്നും വിളിച്ചു. ഇപ്പോള്‍ നിങ്ങള്‍ പറയുന്നു 'മസൂദ് അസര്‍ ജീ'. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇതെന്തുപറ്റി?- എന്ന് കുറിച്ചുകൊണ്ടാണ് രവിശങ്കര്‍ പ്രസാദ് വീഡിയോ ട്വീറ്റ് ചെയ്തത്
എന്നാല്‍ ചൊവ്വാഴ്ച കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ലഷ്കര്‍ ഇ തൊയ്ബ തലവന്‍ ഹാഫിസ് സെയിദിനെ രവിശങ്കര്‍ പ്രസാദ് 'ഹാഫിസ് ജി' എന്ന് അഭിസംബോധന ചെയ്ത വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ്. #BJPLovesTerrorists എന്ന ഹാഷ് ടാഗിലായിരുന്നു കോണ്‍ഗ്രസിന്റെ തിരിച്ചടി.
ഹാഫിസ് സെയിദിനോടുള്ള ബി ജെ പിയുടെ ആദരവും, എങ്ങനെയാണ് അവര്‍ പ്രത്യേക ദൂതനെ പാകിസ്താനിലേക്ക് അയച്ചതെന്ന് നമ്മളെ ഓര്‍മിപ്പിക്കുകയാണ്. വേദ് പി.വൈദിക് ഹാഫിസ് സയിദുമായി സംസാരിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. അവിടം മുതലാണ് ഹഗ്പ്ലോമസി തുടങ്ങിയത്.- പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.
മസൂദ് അസറിനെ കൈമാറിയ വേളയില്‍ ഒപ്പം അനുഗമിച്ചത് അജിത് ഡോവലാണെന്ന് ഓര്‍മ്മിപ്പിച്ച് അന്നത്തെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
Content Highlights: Congress hits back calls out BJP with Ravi Shankar Prasads video saying Lashkar chief Hafiz ji