ഡല്‍ഹി: ഡല്‍ഹി രാംജാസ് കോളേജിനു മുന്നില്‍ എസ്എഫ്ഐ, എഐഎസ്എ വിദ്യാര്‍ഥി സംഘടനകളും എബിവിപിയും ഏറ്റുമുട്ടി. പോലീസ് നോക്കിനില്‍ക്കെയാണ് വിദ്യാര്‍ഥികള്‍ തെരുവില്‍ കയ്യാങ്കളി നടത്തിയത്. സംഘര്‍ഷത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു.
രാംജാസ് കോളേജിലെ ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കാനിരുന്ന സെമിനാറില്‍നിന്ന് ജെഎന്‍യു വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം കോളേജ് വിലക്കിയിരുന്നു. സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ജെഎന്‍യു ഗവേഷണ വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും ഷെഹ്ല റാഷിദിനും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ എബിവിപി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ സെമിനാറില്‍ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് കോളേജ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനെതിരെ വലിയ പ്രതിഷേധം കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരുന്നു. അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിന് ഉമർ ഖാലിദിനെതിരെ കഴിഞ്ഞ വർഷം രാജ്യ ദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഈ പശ്ചാത്തലമാണ് എബിവിപിക്കാരുടെ ഇടപെടലിനിടയാക്കിയത്.
എബിവിപി ഇടപെടലിനോടും രാംജാസ് കോളേജിന്റെ നടപടിക്കെതിരെയുമാണ് മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ മാര്‍ച്ചിന് നേരെ പോലീസ് നോക്കി നില്‍ക്കെ എബിവിപി പ്രവര്‍ത്തകരില്‍നിന്ന് കല്ലേറും കുപ്പിയേറും ഉണ്ടായെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മൌറീസല് നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് ധര്‍ണ്ണ നടത്തിയെങ്കിലും മാര്‍ച്ച് പകുതി വഴിയില്‍ വെച്ച് എബിവിപി തടയുകയായിരുന്നു. വിദ്യാർഥികൾ പരസ്പരം മുദ്രാവാക്യം വിളിച്ച് തുടങ്ങിയതോടെ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് വഴിമാറി. പോലീസ് ഇടപെടാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമായി.
ഇംഗ്ലീഷ് വിഭാഗം അധ്യാപകനെ എബിവിപിക്കാര്‍ കയ്യേറ്റം ചെയ്‌തെന്ന് അധ്യാപകനും വിദ്യാര്‍ഥികളും പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് നേരെയും എബിവിപിക്കാർ മോശമായി പെരുമാറിയെന്നും എഐഎസ്എ വനിതാ പ്രതിനിധികള്‍ ആരോപിക്കുന്നു.
#WATCH: Clash between AISA and ABVP students over cancellation of JNU student Umar Khalid's talk at Delhi's Ramjas College. pic.twitter.com/YD15j8dMWr
— ANI (@ANI_news) February 22, 2017