ന്യൂഡല്‍ഹി: സിബിഐ ഉന്നതര്‍ക്കിടയില്‍ തമ്മിലടിയെന്ന് റിപ്പോര്‍ട്ട്. സിബിഐ മേധാവി അലോക് വര്‍മ്മയ്ക്കും സ്‌പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താനക്കും ഇടയിലാണ് ശീതസമരമെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്കെതിരെ സിബിഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തതാണ് രാകേഷ് അസ്താനയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ സിബിഐ മേധാവി അലോക് വര്‍മ്മക്കെതിരെ രാകേഷ് അസ്താന അഴിമതി ആരോപണവുമായി രംഗത്ത് വന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മോയിന്‍ ഖുറേഷി എന്ന മാംസ കയറ്റുമതിക്കാരനെതിരെയുള്ള കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്‌ക്കെതിരായ കേസ്. സതീഷ് സനാ എന്നയാളില്‍ നിന്ന് 10 മാസ ഗഡുക്കളായാണ് അസ്താന പണം കൈപ്പറ്റിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ കാര്യങ്ങള്‍ വ്യാജമാണെന്നാണ് അസ്താനയുടെ നിലപാട്.
തനിക്കെതിരെ സിബിഐയിലെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേയും ചില ഉന്നതര്‍ നടത്തിയ ഗൂഡാലോചനയാണ് സതീഷ് സനയുടെ പരാതിയുടെ പിന്നിലെന്നാണ് അസ്താന ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് അസ്താന കത്തയച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ കാബിനെറ്റ് സെക്രട്ടറിക്കാണ് കത്ത് അയച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കത്തയച്ചിരുന്നത്.
ഇതില്‍ സിബിഐ മേധാവി അലോക് വര്‍മ്മയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. മോയിന്‍ ഖുറേഷി കേസില്‍ പണം വാങ്ങിയത് താനല്ലെന്നും പകരം രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയത് സിബിഐ മേധാവി തന്നെയാണെന്നും അസ്താന ആരോപിക്കുന്നു. ഇതുകൂടാതെ അന്വേഷണ ഏജന്‍സിയില്‍ നടക്കുന്ന ഗുരുതരമായ കൃത്യവിലോപങ്ങളുടെ 10 വിവരങ്ങളും അസ്താന അയച്ച കത്തില്‍ വിവരിച്ചിട്ടുണ്ട്.
Share this Article
Related Topics