ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത മുറുകുന്നു. ഘടകകക്ഷികളായ ശിരോമണി അകാലിദളും ജെഡിയുവും നിലപാട് കടുപ്പിച്ചതോടെയാണ് എന്‍ഡിഎയില്‍ പ്രതിസന്ധി ഉടലെടുത്തത്.
പൗരത്വം നല്‍കുന്നവരില്‍ മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് ശിരോമണി അകാലിദളിന്റെ ആവശ്യം. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അഭയാര്‍ഥികളെ പരിഗണിക്കുമ്പോള്‍ മുസ്ലീങ്ങളെ ഒഴിവാക്കാനാകില്ലെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. എല്ലാവര്‍ക്കും ക്ഷേമം ഉറപ്പുവരുത്തണമെന്ന ഗുരു സാഹിബിന്റെ ദര്‍ശനത്തിന് എതിരാണ് പുതിയ നിയമമെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്തുകൊണ്ടാണ് മുസ്ലീങ്ങളെ നിയമത്തില്‍ ഉള്‍പ്പെടുത്താത്തത്? പാകിസ്താനിലെ അഹമ്മദിയ വിഭാഗം ഉള്‍പ്പെടെയുള്ള മുസ്ലീങ്ങളെ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തണം. അവരും മതത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്നുണ്ട്'- അദ്ദേഹം വിശദീകരിച്ചു.
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയാണ് എന്‍ഡിഎയിലെ മറ്റൊരു ഘടകകക്ഷിയായ ജെഡിയുവിന്റെ പ്രതിഷേധം. ഈ സാഹചര്യത്തില്‍ എന്‍ഡിഎ അടിയന്തരമായി യോഗം വിളിക്കണമെന്നും നിലവിലെ സാഹചര്യത്തില്‍ ഈ യോഗത്തിന് വളരേയേറെ പ്രധാന്യമുണ്ടെന്നും ജെഡിയു വക്താവ് കെ.സി. ത്യാഗി പറഞ്ഞു.
പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധിക്കുന്നവരുടെ ആശങ്കകള്‍ പരിഗണിക്കണമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
Content Highlights: clash in nda over nrc and caa; shiromani akali dal says muslims should be included in caa