ന്യൂഡല്‍ഹി: ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി വീണ്ടും സംഘര്‍ഷാവസ്ഥയിലേയ്ക്കു നീങ്ങുന്നു. കഴിഞ്ഞവര്‍ഷം 72 ദിവസത്തോളം സംഘര്‍ഷം നിലനിന്ന ഡോക്ലാമിനു സമീപം ചൈന സൈനിക സന്നാഹം വര്‍ധിപ്പിച്ചതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വടക്കന്‍ ഡോക്ലാം പൂര്‍ണമായും കൈയ്യേറി ചൈന സായുധവാഹനങ്ങള്‍ വിന്യസിച്ചതായും ഉയരംകൂടിയ നിരീക്ഷണ ടവറുകളും സ്ഥാപിച്ചതായുമാണ് റിപ്പോര്‍ട്ട്.
ദോക്‌ലായിലെ ഇന്ത്യയുടെ സൈനിക പോസ്റ്റിന് തൊട്ടടുത്ത് 81 മീറ്റര്‍ വരെ പുതിയ നിര്‍മിതികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആയുധപ്പുര, ഹെലിപ്പാഡുകള്‍, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവയും പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡും നിര്‍മിച്ചിട്ടുണ്ട്. രണ്ടുനിലകളിലുളള ടവറുകള്‍ക്ക് 10 അടിയിലധികം പൊക്കമുണ്ട്. പ്രദേശത്ത് പുതിയ റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കോണ്‍ക്രീറ്റ് പോസ്റ്റുകളും പുതിയ കിടങ്ങുകളും നിര്‍മിച്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഏഴ് ഹെലിപ്പാഡുകളും സജ്ജമാക്കി. ഇക്കാര്യങ്ങളും ഡിസംബര്‍ ആദ്യ ആഴ്ചയില്‍ പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ സ്ഥിരമായി സേനയെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ചൈനീസ് നീക്കമെന്നാണ് കരുതുന്നത്. കൂടുതല്‍ സൈനികവാഹനങ്ങള്‍ പ്രദേശത്ത് ഒളിപ്പിച്ചുവച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.
അതേസമയം, ചൈന മുന്‍പ് നടത്തിയ താത്കാലിക സ്വഭാവമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവയെന്നും സൂചനയുണ്ട്. മേഖലയില്‍നിന്ന് സൈനികര്‍ തിരിച്ചുപോയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷ കാലത്ത് അവര്‍ നടത്തിയ നിര്‍മിതികള്‍ നീക്കം ചെയ്തിട്ടില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശൈത്യകാലം കഴിഞ്ഞ് ചൈനീസ് സൈന്യം മടങ്ങിയെത്താന്‍ ഇടയുണ്ടെന്നും വേണ്ടിവന്നാല്‍ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂണ്‍ 16ന് ഇന്ത്യ-ഭൂട്ടാന്‍-ടിബറ്റ് മേഖലയിലുളള ഡോക് ലാമില്‍ പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മി റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചത് യുദ്ധ ഭീതിക്ക് വഴിവെച്ചിരുന്നു. സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി ഇന്ത്യ മറുപടി നല്‍കിയതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരോപണ പ്രത്യാരോപണങ്ങളുണ്ടായി. 72 ദിവസത്തിനുശേഷം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷമാണ് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചത്.