പടക്കമില്ലാതെ എന്ത് ദീപാവലി, സുപ്രീം കോടതി ഉത്തരവിനെതിരെ ചേതന്‍ ഭഗത്


മലിനീകരണം കുറയ്ക്കാന്‍ നിരോധനമല്ല, പുതിയ കണ്ടെത്തലുകളാണ് വേണ്ടതെന്ന് ചേതന്‍ ഭഗത് ട്വിറ്ററിലെഴുതി.

ന്യൂഡല്‍ഹി:പടക്കവില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിക്കെതിരെ എഴുത്തുകാരന്‍ ചേതന്‍ ഭഗത്. കോടതി ഉത്തരവിനു പിന്നാലെ ട്വിറ്ററിലാണ് ചേതന്‍ ഭഗത് പ്രതികരണവുമായെത്തിയത്. നിരോധനം അനുചിതമാണെന്ന തരത്തിലാണ് ചേതന്റെ പ്രതികരണം. പടക്കമില്ലാതെ കുട്ടികള്‍ക്ക് എന്ത് ദീപാവലിയെന്ന് ചേതന്‍ ഭഗത് ട്വിറ്ററിലെഴുതി.

നമ്മുടെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി,വര്‍ഷത്തില്‍ ഒരു ദിവസം മാത്രമുണ്ടാവുന്ന ആഘോഷം കൊണ്ടാണ് മലിനീകരണം വര്‍ധിക്കുന്നത്?മലിനീകരണം കുറയ്ക്കാന്‍ നിരോധനമല്ല, പുതിയ കണ്ടെത്തലുകളാണ് വേണ്ടത്, ദീപാവലിക്ക് പടക്കം ഒഴിവാക്കാന്‍ വാദിക്കുന്നവര്‍ ചോര ചിന്തുന്ന മറ്റ് ആചാരങ്ങള്‍ ഒഴിവാക്കാനും ഇതേ ആവേശം കാണിക്കണം. ഹിന്ദു ആചാരങ്ങള്‍ക്ക് മാത്രം ഇത്തരത്തില്‍ നിരോധനമേര്‍പ്പെടുത്തുന്നത് എന്തുകൊണ്ടാണ്. ക്രിസ്മസിന് ക്രിസ്മസ് ട്രീയും ബക്രീദിന് ആടുകളെയും നിരോധിക്കുന്നതു പോലെയാണിത്.

നിയന്ത്രണമാവാം. എന്നാല്‍ നിരോധനമരുത്. പാരമ്പര്യത്തെ ബഹുമാനിക്കണമെന്നും ചേതന്‍ ഭാഗത് കുറിച്ചു. മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി പടക്ക വില്‍പ്പനയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ നിരോധനം പുനസ്ഥാപിക്കുന്നതായി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നവംബര്‍ ഒന്നു വരെ നിരോധനം പ്രാബല്യത്തില്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷമാണ് പടക്ക വില്‍പനയ്ക്ക് സുപ്രീം കോടതി ആദ്യ നിരോധനം ഏര്‍പ്പെടുത്തിയത്.

2016 നവംബറിലായിരുന്നു നിരോധനം പ്രാബല്യത്തില്‍ വന്നത്. 2017 സെപ്തംബര്‍ വരെ നിരോധനം നിലനില്‍ക്കുകയും ചെയ്ത.എന്നാല്‍ ഈ നിരോധനം നവംബര്‍ വരെ തുടരുമെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram