മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുന്നതിന്റെ സന്തോഷത്തില്‍ മുംബൈയിലെ ഹോട്ടലില്‍ സൗജന്യമായി ' ചിക്കന്‍ സഞ്ജു ബാബ ' വിളമ്പും. സൗത്ത് മുംബൈയിലെ നൂര്‍ മുഹമ്മദി ഹോട്ടലിന്റെ ഉടമ ഖാലിദ് ഹക്കീമിന് ദത്ത് സ്വയം തയ്യാറാക്കി നല്‍കിയ റെസിപ്പി ഉപയോഗിച്ചാണ് ചിക്കന്‍ സഞ്ജു ബാബ തയ്യാറാക്കുന്നത്.
1986ല്‍ കടയുടെ ഉദ്ഘാടനത്തിന് ദത്ത് ആണെത്തിയത്. അതിനു ശേഷം പതിവായി അദ്ദേഹം ഹോട്ടലില്‍ വരുമായിരുന്നു. പ്രത്യേകം നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ അദ്ദേഹത്തിന് നല്‍കുമായിരുന്നു. വൈറ്റ് ചിക്കന്‍ ബിരിയാണി, ദാല്‍ ഗീ, സഫ്രാനി തുടങ്ങിയ ഭക്ഷണങ്ങള്‍ അദ്ദേഹത്തിന് ഏറെ പ്രിയമായിരുന്നുവെന്നും ഖാലിദ് ഹക്കീം പറയുന്നു.
2010ലാണ് സഞ്ജയ് ദത്ത് ഒരു സ്‌പെഷല്‍ ചിക്കന്‍ വിഭവത്തിന്റെ റെസിപ്പി ഖാലിദിന് നല്‍കുന്നത്. ദത്തിന്റെ അനുവാദത്തോടെ ഖാലിദ് തന്നെ അതിന് ചിക്കന്‍ സഞ്ജു ബാബ എന്നു പേരിട്ട് ഹോട്ടലില്‍ അത് വിളമ്പാനും തുടങ്ങി. അദ്ദേഹം വലിയൊരു നടനാണ്. വല്ല ഫൈവ് സ്റ്റാര്‍ ഹോട്ടലിനും റെസിപ്പി നല്‍കാമായിരുന്നു. എന്നിട്ടും എന്റെ കുഞ്ഞു റസ്റ്റോറന്റിനാണത് നല്‍കിയതെന്നാണ് ഖാലിദ് ഹക്കീം പറയുന്നത്. ദത്ത് ജയില്‍ മോചിതനാകുന്നത് പ്രമാണിച്ച് വ്യാഴാഴ്ച ഉച്ചമുതല്‍ രാത്രി വരെയാണ് ആരാധകര്‍ക്ക് ചിക്കന്‍ സഞ്ജു ബാബ സൗജന്യമായി നല്‍കുക.
മരിച്ചുപോയ ചിത്രകാരന്‍ എം.എഫ് ഹുസൈനും തന്റെ റെസ്റ്റോറന്റില്‍ പതിവായി വരുന്ന ആളായിരുന്നുവെന്നും അദ്ദേഹം ഒരു പെയിന്റിങ് ചെയ്തു തന്നത് അഭിമാനത്തോടെ സൂക്ഷിക്കുന്നുവെന്നും ഖാലിദ് ഹക്കീം പറയുന്നു.
മുംബൈ സ്‌ഫോടനസമയത്ത് അനധികൃതമായി ആയുധങ്ങള്‍ കയ്യില്‍ വച്ചുവെന്ന കുറ്റത്തിനാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. വ്യാഴാഴ്ചയാണ് സഞ്ജയ് ദത്തിന്റെ ശിക്ഷാകാലാവധി കഴിയുക.