രാജീവ് ഗാന്ധിയെ വധിക്കാന്‍ ബോംബ് നിര്‍മ്മിക്കാന്‍ ബാറ്ററികള്‍ വാങ്ങിനല്‍കി എന്നതാണ് പേരറിവാളന് മേല്‍ ആരോപിക്കപ്പെട്ട കുറ്റം. ഗൂഢാലോചനയില്‍ ഭാഗഭാക്കാണെന്ന കാരണത്താലാണ് നീണ്ട കാലമായി പേരറിവാളന്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്. എന്നാല്‍, ബാറ്ററികള്‍ എന്താവശ്യത്തിനുള്ളതാണെന്ന് അവ വാങ്ങുമ്പോള്‍ പേരറിവാളന് അറിയില്ലായിരുന്നു എന്നാണ് ത്യാഗരാജന്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ചോദ്യംചെയ്യലിനിടെ ഇക്കാര്യം പേരറിവാളന്‍ തന്നോട് പറഞ്ഞിരുന്നു. പക്ഷേ, മനപ്പൂര്‍വ്വം ആ മൊഴി താന്‍ രേഖകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കുറ്റസമ്മതമൊഴിയെ ദുര്‍ബലപ്പെടുത്താനേ ഈ വിവരം ഉപകരിക്കൂ എന്നതായിരുന്നു അങ്ങനെ ചെയ്യാനുണ്ടായ കാരണമെന്നും ത്യാഗരാജന്‍ പറയുന്നു.
പേരറിവാളന്‍ നിരപരാധിയാണെന്ന് സിബിഐക്ക് ബോധ്യപ്പെട്ടിരുന്നതാണ്. 1991ല്‍ എല്‍ടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയര്‍ലെസ് സന്ദേശം തനിക്ക് ലഭിച്ചിരുന്നു. പേരറിവാളന് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ബാറ്ററി എന്തിനാണ് വാങ്ങിയതെന്ന് അറിയില്ലെന്നും ആ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ പേരറിവാളന്റെ പങ്കിനെക്കുറിച്ച് സിബിഐക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ത്യാഗരാജന്‍ നല്കിയ സത്യവാങ്മൂലത്തിലുണ്ട്.
ഒരു നിരപരാധിക്ക് 26 വര്‍ഷത്തിനു ശേഷമെങ്കിലും നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് ത്യാഗരാജന്‍ പറയുന്നു. ടാഡ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തിയാണ് ത്യാഗരാജന്‍ സത്യവാങ്മൂലം നല്കിയിരിക്കുന്നത്.
ഇത്രയും വര്‍ഷങ്ങളായി പേരറിവാളന്‍ അനുഭവിക്കുന്ന നീതിനിഷേധം ഒരു വിധത്തിലും നീതികരിക്കാനാവുന്നതല്ലെന്ന് പേരറിവാളന്റെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. പേരറിവാളനെ ചോദ്യംചെയ്യുന്നത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ബോംബ് നിര്‍മ്മിച്ചയാള്‍ ശ്രീലങ്കയില്‍ ജയിലിലാണ്. അയാള്‍ ഇത്രയും നീണ്ട ചോദ്യം ചെയ്യലിന് വിധേയനാവേണ്ടിവന്നിട്ടില്ല. എന്തിനെന്ന് പോലും അറിയാതെ ബാറ്ററി വാങ്ങിനല്‍കിയെന്ന ഒറ്റക്കാരണം കൊണ്ട് ഒരാളെ ഇത്രയധികം ശിക്ഷിക്കാമോ എന്നും അഭിഭാഷകന്‍ ചോദിച്ചു.
ത്യാഗരാജന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പേരറിവാളന്‍ ജയില്‍മോചിതനായേക്കുമെന്നാണ് പ്രതീക്ഷയെന്നും ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു. ഡിസംബര്‍ 6നാണ് കേസില്‍ കോടതി ഇനി വാദം കേള്‍ക്കുക.
content highlights: perarivalan,rajiv gandhi assasination, cbi probe, V Thiagrajan,confessional statement