ഹൈദരാബാദ്: തെലങ്കാന പോലീസിനെതിരായ വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു. മുസ്‌ലിം യുവാക്കളെ കെണിയില്‍ വീഴ്ത്താന്‍ തെലങ്കാന പോലീസ് ഭീകര സംഘടനയായ ഐ.എസ്സിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നടത്തുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്.
തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. പ്രസ്താവനയ്‌ക്കെതിരെ തെലങ്കാന പോലീസ് ശക്തമായി രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നടത്തിയ ഇത്തരം പരാമര്‍ശം ഭീകരവിരുദ്ധ നീക്കം നടത്തുന്ന പോലീസിന്റെ മനോവീര്യം കെടുത്തുമെന്ന് തെലങ്കാന ഡി.ജി.പി അനുരാഗ് ശര്‍മ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മുതിര്‍ന്ന നേതാവിന്റെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
തെലങ്കാന പോലീസിനെതിരായ വിവരങ്ങളൊന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ദിഗ്‌വിജയ് സിങ് ഉത്തരവാദിത്വ ബോധമുള്ള പരിചയസമ്പന്നനായ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നതിന് പകരം വിശദമായ അന്വേഷണം നടത്തുകയാണ് വേണ്ടത്. ആരോപണം ശരിയെങ്കില്‍ ഗൗരവമേറിയ പ്രശ്‌നമായിരിക്കും അതെന്നും കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചിരുന്നു.
Share this Article
Related Topics