മോദിയുടെ ചിത്രം പരസ്യത്തിൽ: വിവരം നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്


പ്രധാനമന്ത്രിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ആരൊക്കെ അനുവാദം തേടിയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തുന്നതിന് വിശദമായ പരിശോധന ആവശ്യമാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഏകീകൃത രൂപത്തില്‍ ലഭ്യമല്ല.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിച്ചതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ആരൊക്കെ അനുവാദം തേടിയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തുന്നതിന് വിശദമായ പരിശോധന ആവശ്യമാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഏകീകൃത രൂപത്തില്‍ ലഭ്യമല്ല. ഇതുമായി ബന്ധപ്പെട്ട നിരവധി ഫയലുകളിലായി കിടക്കുന്ന വിവരങ്ങള്‍ വിശദ പരിശോധന നടത്തിയ ശേഷമേ കൃത്യമായ ഉത്തരം നല്‍കാനാകൂ എന്നും ഇങ്ങനെ ചെയ്യുന്നത് ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മറുപടിയില്‍ പറയുന്നു.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ സാധാരണ ഗതിയില്‍ ലഭ്യമാകുന്നതായിരിക്കണം. ഓഫീസിന്റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധത്തിലോ, വിവരങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന് കോട്ടംവരുത്തുന്നതോ സുരക്ഷയെ അപകടപ്പെടുത്തുന്നതോ ആയ രീതിയിലോ ആണെങ്കില്‍ നല്‍കാതിരിക്കാമെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പരസ്യത്തില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച ചോദ്യം ഈ പരിധിയില്‍ വരുന്നതിനാല്‍ നല്‍കാനാവില്ലെന്നാണ് വിശദീകരണം.

മറ്റൊരു വിവരാവകാശ അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയില്‍, റിലയന്‍സ് ജിയോ, പേടിഎം എന്നീ കമ്പനികള്‍ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ ഓഫീസില്‍ ലഭ്യമല്ലെന്ന് വ്യക്തമാക്കുന്നു. ആവശ്യപ്പെട്ട വിവരങ്ങള്‍ ഈ ഓഫീസിന്റെ കീഴിലുള്ള രേഖകളില്‍നിന്ന് ലഭ്യമല്ലെന്നാണ് മറുപടി.

കഴിഞ്ഞ സെപ്തംബറില്‍ പ്രധാമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് സമര്‍പ്പിക്കുന്നു എന്ന രീതിയില്‍ റിലയന്‍സിന്റെ ജിയോ 4ജി സര്‍വ്വീസിന്റെ മുഴു പേജ് പരസ്യം പ്രധാനമന്ത്രിയുടെ ചിത്രത്തോടെ ഇന്ത്യയിലെ പ്രധാന പത്രങ്ങളിലൊക്കെ നല്‍കിയിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് പേടിഎമ്മിന്റെ ഡിജറ്റില്‍ വാലെറ്റിന്റെ പരസ്യവും മോദിയുടെ ചിത്രത്തോടെ നല്‍കിയിരുന്നു.

പ്രധാനമന്ത്രിയുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ ഉപഭോക്ത്യകാര്യ വകുപ്പ് ഇരു കമ്പനികള്‍ക്കും നോട്ടീസ് നല്‍കി. പിന്നീട് ജിയോയും പേടിഎമ്മും സംഭവത്തില്‍ ക്ഷമാപണം നടത്തിയതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram