ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവന്ന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരമൊരു കുത്തിയിരിപ്പ് സമരം നടത്താന്‍ ആരാണ് അനുവാദം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരാഴ്ചയിലധികമായി നീളുന്ന കെജ്രിവാളിന്റെ സമരത്തിനെതിരായി ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത സമർപ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇപ്രകാരം ചോദിച്ചത്.
ലഫ്. ഗവര്‍ണറുടെ വീട്ടില്‍ നടത്തുന്ന ധര്‍ണയെ സമരമെന്ന് വിളിക്കാനാകില്ല. ആരുടെയെങ്കിലും ഓഫീസിലോ വീട്ടിലോ കയറിച്ചെന്ന് സമരംചെയ്യാന്‍ അധികാരമില്ലെന്നും കോടതി പറഞ്ഞു. വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് സമരം എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, ആരാണ് അതിന് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന കുത്തിയിരിപ്പു സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്,ഗോപാല്‍ റായ് എന്നിവരാണ് കെജ്രിവാളിനൊപ്പം നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നുണ്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സത്യേന്ദര്‍ ജയിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.
Content Highlights: strike outside Lieutenant-Governor office, Delhi High Court, Arvind Kejriwal, sit in strike