ഛണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരവും അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദു പ്രതിയായ കൊലക്കേസില്‍ പ്രോസിക്യൂഷന്‍ നിലപാടിലുറച്ച് അമരീന്ദര്‍ സിങ്. സിദ്ദു കുറ്റക്കാരനാണെന്ന വാദം പ്രോസിക്യൂഷന്‍ സുപ്രീംകോടതിയിലും ഉന്നയിച്ചു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സിദ്ദുവിന്റെ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.
റോഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 65 വയസുകാരനായ ഗുര്‍നാം സിങ് കൊല്ലപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.. ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍ സഞ്ജയ് കെ.കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുക.
1988-ലാണ് കേസിനാസ്പദമായ സംഭവം. സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിങ് സന്ധുവും ജിപ്സി എസ്.യു.വി കാര്‍ റെയില്‍വെ ക്രോസിനടുത്ത് പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ ഇരിക്കുകയായിരുന്നു.
ഇതിനിടെ അതുവഴി വന്ന മറ്റൊരു കാറിലുണ്ടായിരുന്നയാള്‍ തന്റെ വാഹനത്തിന് പോകാനായി ഇവരോട് വണ്ടി മാറ്റിക്കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിദ്ദുവും സുഹൃത്തും ഇയാളെ മര്‍ദ്ദിച്ചു. എന്നാല്‍ മര്‍ദ്ദനമേറ്റയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മുമ്പ് പട്യാലയിലെ വിചാരണ കോടതി സിദ്ദുവിനെയും കേസിലെ മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, ഈ വിധിക്കെതിരേ ഗുര്‍നാം സിങിന്റെ മകനും സര്‍ക്കാരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി സിദ്ദുവിനെ മൂന്നു വര്‍ഷം തടവിന് വിധിക്കുകയായിരുന്നു.
2007-ല്‍ സിദ്ദുവിന്റെ അപ്പീലിനെ തുടര്‍ന്ന് ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
Content Highlights: Amarinder Singh, Punjab CM, Navjot Singh Sidhu, Road Rage Case, Supreme Court, Final trial.