ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മാരകമായ ചേരുവകളാണെന്ന് ജനതാദള്‍ യുണൈറ്റഡ് ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. പാര്‍ലമെന്റില്‍ ജെഡിയു ദേശീയ പൗരത്വ ബില്ലിനെ അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പ്രസ്താവനയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്.
'പൗരത്വ ഭേദഗതി നിയമം പൗരത്വം നല്‍കുന്നതിനു വേണ്ടിയുള്ളതാണ്, ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ളതല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനും കുറ്റാരോപണം നടത്താനും സാധിക്കുംവിധത്തില്‍ സര്‍ക്കാരിന്റെ കൈവശമുള്ള മാരകമായ ചേരുവയാണ് പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും', പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
2015ല്‍ പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി രംഗത്തുവന്ന പാര്‍ട്ടിയായിരുന്നു നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു. അന്ന് ജെഡിയു എന്‍ഡിഎയില്‍ ഉണ്ടായിരുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെ നിരവധി സന്ദര്‍ഭങ്ങളില്‍ ജെഡിയു എതിര്‍ത്തിരുന്നു. ബില്‍ പാര്‍ലമെന്റിലെത്തിയപ്പോള്‍ എന്‍ഡിഎ ഘടകക്ഷിയായ ജെഡിയു അനുകൂലിക്കുകയായിരുന്നു. എന്നാല്‍, പ്രശാന്ത് കിഷോര്‍ പഴയ നിലപാടില്‍ത്തന്നെ തുടര്‍ന്നു.
Content Highlights: ‘CAB-NRC could be lethal combo’- JDU’s Prashant Kishor rebuts Amit Shah
Share this Article