ഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടത് ബുള്ളറ്റ് ട്രെയിനുകളല്ല, മറിച്ച് സാധാരണക്കാര്‍ക്കായ സുരക്ഷിതമായി റെയില്‍വെ സംവിധാനമാണ് ആവശ്യമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍.
ഇന്ത്യയിലെ ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് മാത്രമേ ബുള്ളറ്റ് ട്രെയിനുകളെ ആശ്രയിക്കാന്‍ കഴിയൂ. സാധാരണക്കാര്‍ക്കു ചിലവേറിയ ബുള്ളറ്റ് ട്രെയിന്‍ യാത്ര താങ്ങാന്‍ കഴിയില്ല. അത് അവര്‍ക്ക് അപ്രാപ്യമാണ്. ഇന്ത്യ പോലുള്ള രാജ്യത്ത് കൃത്യ സമയത്ത് ഓടുന്ന, സുരക്ഷിതമായ ട്രെയിനുകളാണ് വേണ്ടത്. യാത്രക്കാരുടെ സുരക്ഷയും വൃത്തിയുള്ള ട്രെയിനുകള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടത്. അദേഹം കൂട്ടിചേര്‍ത്തു.
ഇന്ത്യയിലെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി ഇ ശ്രീധരനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമിച്ചിരുന്നു. മോദി സര്‍ക്കാര്‍ മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ സ്വപ്‌ന പദ്ധതിയായി നടപ്പിലാക്കുമ്പോഴാണ് ശ്രീധരന്‍ അതിന്റെ ആവശ്യകതയില്‍ സംശയം ഉന്നയിച്ചിരിക്കുന്നത്.
'രാജ്യത്തിന്റെ വളര്‍ച്ചാ വേഗത്തിന്റെ കാര്യത്തില്‍ ഞാന്‍ തൃപ്തനല്ല. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും മൊത്ത ജനസംഖ്യയുടെ മൂന്നിലൊന്നും ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതില്‍ തന്നെ ഏറെ നിരാശപ്പെടുത്തുന്നത് ധാര്‍മ്മികതയുടെയും മൂല്യങ്ങളുടേയും തത്വങ്ങളുടെയും കാര്യത്തിലുള്ള പതനമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് നേതാക്കളെ നയിക്കുന്നത്, അല്ലാതെ മൂല്യങ്ങളോ ശരികളോ അല്ല. രാജ്യത്തിന് സമഗ്രമായ ഒരു തിരുത്തല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇ.ശ്രീധരന്‍ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞത്.