മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് ( ആര്‍.എസ്.പി) എന്ന പാര്‍ട്ടിയിലാണ് സഞ്ജയ് ദത്ത് അംഗമാകാനൊരുങ്ങുന്നത്. ആര്‍.എസ്.പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ ധന്‍ഗര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. മഹാരാഷ്ട്ര നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്.
2009 ല്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ സഞ്ജയ് ദത്ത് ലഖ്‌നൗവില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ അനധികൃതമായി ആയുധം കൈവശം വെച്ച കേസില്‍ കോടതി നടപടികളെ തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഞ്ജയ് ദത്ത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് ദത്ത് നിഷേധിക്കുകയും ചെയ്തു. സഞ്ജയ് ദത്തിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് പാരമ്പര്യമാണുള്ളത്. മുംബൈ വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്ത് ഒന്നാം യുപിഎ സര്‍ക്കാരില്‍ യുവജന ക്ഷേമ- കായിക വകുപ്പ് മന്ത്രിയായിരുന്നു.
സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയാ ദത്ത് മുംബൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് എന്‍ഡിഎ സഖ്യകക്ഷിയായ പാര്‍ട്ടിയില്‍ ഇദ്ദേഹം അംഗമാകുന്നതെന്ന പ്രത്യേകതയുമുണ്ട്.
Content Highlights: Bollywood actor Sanjay Dutt is set to join the Rashtriya Samaj Paksh (RSP)