ന്യൂഡല്‍ഹി: അടുത്ത ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് മത്സരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 'മിഷന്‍ 120' യിലൂടെ ആകെയുള്ള 147 സീറ്റുകളില്‍ 120 എണ്ണവും നേടിയെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. 2019 ലാണ് ഒഡിഷയിലെ അടുത്ത തിരഞ്ഞെടുപ്പ്.
നാല് ലക്ഷം കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടും സംസ്ഥാനത്ത് പല വികസന പ്രവര്‍ത്തനങ്ങളും മുടങ്ങിക്കിടക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. പദ്ധതികളുമായി നവീന്‍ പട്നായിക്കിന്റെ ബിജെഡി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അമിത് ഷാ വിമര്‍ശനമുന്നയിച്ചു.
നിയമസഭ തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരു പാര്‍ട്ടിയുമായും സഖ്യം ചേരില്ല. എന്നാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ഭരണം പിടിക്കും. ആരാണ് ബിജെപിക്ക് വേണ്ടി സംഘടനാ ചുമതല വഹിക്കുമെന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
120 സീറ്റുകള്‍ സ്വന്തമാക്കി ഒഡിഷയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ മറ്റ് പാര്‍ട്ടികളുടെ നേതൃനിരക്ക് പ്രായം കൂടുമ്പോള്‍ ബിജെപിക്കുള്ളത് യുവനേതൃ നിരയാണ്. രാജ്യത്തെങ്ങും ബിജെപി തരംഗം ആഞ്ഞടിക്കുകയാണ്. ഒഡിഷയിലും ഈ തരംഗം ഉടനെത്തും. ബിജെപിയുടെ 'മിഷന്‍ 120' യിലൂടെ ഒഡിഷ ബിജെപി ഭരിക്കുമെന്നും അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെതിരേയും അമിത് ഷാ വിമര്‍ശനമുന്നയിച്ചു. ഒരു ന്യൂസ് മാഗസിന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കരം ലഭിച്ചതിനെ ആഘോഷിക്കുകയാണ് മുഖ്യമന്ത്രി ഇപ്പോള്‍. എന്നാല്‍ പുരസ്‌കാരങ്ങള്‍ക്ക് ഒരിക്കലും സംസ്ഥാനത്ത് വികസനം എത്തിക്കാനാവില്ല. സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പലരും അഴിമതി കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മകള്‍ ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ബിജെപി നേതൃത്വം. 2014 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 147 അംഗ സഭയില്‍ ബിജെപി 10 സീറ്റാണ് നേടിയത്. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ 117 സീറ്റ് നേടിയപ്പോള്‍, കോണ്‍ഗ്രസ് 16 സീറ്റുകളാണ് നേടിയത്.