അഗര്‍ത്തല: ബി.ജെ.പിയും സഖ്യകക്ഷികളും ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന ആരോപണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതപരമായ വൈകാരികതയുണര്‍ത്തി ഹിന്ദു-മുസ്ലിം ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ബി.ജെ.പി ഇതിലൂടെ ചെയ്യുന്നത്. ബി.ജെ.പിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ തകര്‍ത്ത് മതനിരപേക്ഷ രാഷ്ട്രം കെട്ടിപ്പടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അഗര്‍ത്തലയില്‍ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്ത് വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് രാമക്ഷേത്രത്തിന്റെ പേരില്‍ ആര്‍.എസ്.എസ് നടത്തുന്നത്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് കേരളത്തില്‍ ശബരിമല വിഷയത്തില്‍ നടത്തുന്ന സമരങ്ങള്‍. മൂന്ന് ലക്ഷ്യങ്ങളാണ് സി.പി.എമ്മിനുള്ളത്. ബി.ജെ.പിയെ തകര്‍ക്കുക, ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക, മതനിരപേക്ഷ രാജ്യം കെട്ടിപ്പടുത്തുക എന്നിവയാണവ.
കൂടുതല്‍ നിലവാരമുള്ള ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും യുവാക്കള്‍ക്ക് തൊഴിലുകള്‍ നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മോദി-ഷാ ഗ്രൂപ്പാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുകയും ബദല്‍ രാഷ്ട്രീയം ഉയര്‍ത്തുകയുമാണ് സി.പി.എം ചെയ്യുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 5000 ല്‍ കൂടുതല്‍ ആക്രമങ്ങളാണ് സി.പി.എമ്മിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലേയും പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായതെന്ന് സമ്മേളനത്തില്‍ സംസാരിച്ച സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ ദര്‍ വ്യക്തമാക്കി. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനത്ത് ജനാധിപത്യം ഇല്ലാതായിരിക്കുകയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയാണ്. അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപ്ത്യ അവകാശങ്ങളോ ഇപ്പോള്‍ ത്രിപുരയില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: BJP seeks votes in Lord Ram and creating Hindu-Muslim divide says yechury