ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി തോറ്റെങ്കിലും നമ്മെ പരാജയപ്പെടുത്താനായിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014-ല്‍ ജനങ്ങള്‍ ബിജെപിക്ക് പൂര്‍ണ്ണ ഭൂരിപക്ഷം നല്‍കി. 2014-ന് ശേഷം ഓരോ വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലും നമ്മള്‍ വിജയിച്ചു. അടുത്തിടെ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലെ ഫലം അത്ര നല്ലതായിരുന്നില്ല. എന്നാല്‍ ഞാനൊരുകാര്യം പാര്‍ട്ടി പ്രവര്‍ത്തകരോട് പറയാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ എതിരാളികള്‍ ഈ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ടെങ്കിലും നമ്മള്‍ പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ നമ്മുടെ പരാജയത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ പരാജയം എന്താണെന്ന് നമ്മള്‍ ഉത്തര്‍പ്രദേശില്‍ വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. അവിടെ കോണ്‍ഗ്രസിനെ തുടച്ചുനീക്കി. ഇപ്പോള്‍ ബൈനോക്കുലറിന്റെ സഹായത്തോടെയല്ലാതെ യുപിയില്‍ കോണ്‍ഗ്രസിനെ കാണാന്‍ സാധിക്കില്ലെന്നും അമിത് ഷാ പരിഹസിച്ചു.
രാഷ്ട്രീയത്തില്‍ ജയവും തോല്‍വിയും സ്ഥിരമാണ്. എന്നാല്‍ നമ്മള്‍ പരാജയപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ അടിത്തറക്ക് കോട്ടം തട്ടിയിട്ടില്ല. നമ്മുടെ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നിലനിര്‍ത്താനും 2019-ല്‍ ശക്തമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുമുള്ള അവസരമുണ്ട്.
സ്വജനപക്ഷപാതം, ജാതീയത,പ്രീണനം ഈ മൂന്ന് കാര്യങ്ങളാണ് കോണ്‍ഗ്രസിന്റെ ശക്തി. ഇത് രാജ്യത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
Content Highlights: BJP lost 3 state elections but we are not defeated: Shah