ചെന്നൈ: തിരുവള്ളുവരിനെപ്പോലെ ബിജെപി തന്നെയും കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് നടന്‍ രജനികാന്ത്. തിരുവള്ളുവര്‍ പ്രതിമയില്‍ കാവി പുതപ്പിച്ചതും രുദ്രാക്ഷം അണിയിച്ചതും അംഗീകരിക്കാന്‍ കഴിയില്ല. തിരുവള്ളുവരേപ്പോലെ താനും ബിജെപിയുടെ കാവിപുതപ്പിക്കലില്‍ വീഴില്ലെന്നും താരം വ്യക്തമാക്കി.
ചെന്നൈയില്‍ സംവിധായകന്‍ കെ. ബാലചന്ദ്രന്റെ പ്രതിമ അനാഛാദനം ചെയ്യാനായി പോകവേയാണ് രജനികാന്തിന്റെ പ്രതികരണം. കെ. ബാലചന്ദ്രന്റെ പ്രതിമ രജനികാന്തും നടന്‍ കമല്‍ഹാസനും ചേര്‍ന്ന് അനാഛാദനം ചെയ്തു.
തമിഴ്കവിയും തത്വചിന്തകനുമായ തിരുവള്ളുവരുടെ പ്രതിമയില്‍ ഹിന്ദുമക്കള്‍ പാര്‍ട്ടിയാണ് കാവി ഷാള്‍ പുതപ്പിച്ചത്. സംഭവം വിവാദമായിരുന്നു. തഞ്ചാവൂരിലെ പിള്ളയാര്‍പട്ടിയില്‍ നടന്ന ചടങ്ങില്‍ തിരുവള്ളുവരെ രുദ്രാക്ഷമണിയിക്കുകയും ചെയിതിരുന്നു. തിരുവള്ളുവര്‍ക്ക് ഏറ്റവും യോജിച്ച നിറം കാവിയാണെന്നും അദ്ദേഹം ഹിന്ദുവാണെന്നുമുള്ള ഹിന്ദുമക്കള്‍ പാര്‍ട്ടിയുടെ വാദം വിവാദമാവുകയും ചെയ്തിരുന്നു.
ഇതിനെതിരെയാണ് രജനികാന്തിന്റെ പ്രതികരണം. "എന്നെയും കാവി പുതപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഞാന്‍ ബിജെപിക്കാരനാണെന്ന് മുദ്രകുത്തുന്നുണ്ട്. അത് ശരിയല്ല. തങ്ങളുടെ പാര്‍ട്ടിയില്‍ ആളുകള്‍ ചേരുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം എന്തുവേണമെന്നുള്ളത് എന്റെ തീരുമാനമാണ്", അദ്ദേഹം പറഞ്ഞു
തിരുവള്ളുവരെ കാവി പുതപ്പിച്ചത് ബിജെപി അജണ്ടയാണ്. ഈ പ്രശ്‌നങ്ങളൊക്കെ ഊതിവീര്‍പ്പിച്ചതാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. തിരവള്ളുവരെ കാവി പുതപ്പിച്ചത് വലിയ കാര്യമായി കാണുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Making Thiruvalluvar wear a saffron stole is BJP's agenda- says Rajanikanth