ട്വിറ്ററില്‍ ബിജെപി- കോണ്‍ഗ്രസ് ഹാഷ്ടാഗ് പോരാട്ടം


പാര്‍ലമെന്റില്‍ തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഭൂമികുലുക്കം ഉണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാഫേല്‍ അഴിമതി ആരോപണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് യുദ്ധം നടത്തി കോണ്‍ഗ്രസും ബി ജെപിയും. BhookampAaneWalaHai എന്ന ഹാഷ് ടാഗും ഓരോ പതിനഞ്ച് മിനിറ്റിലും ഭൂകമ്പം ഉണ്ടാവുകയാണെങ്കില്‍ 38 മിനിറ്റിനുളളില്‍ എത്ര തവണ ഭൂമി കുലുക്കം ഉണ്ടാകും?' എന്ന ചോദ്യവുമായി ബി ജെ പി യുടെ ഐ ടി സെല്‍ മേധാവി അമിത് മാളവ്യ എത്തിയതോടെയാണ് ഹാഷ്ടാഗ് യുദ്ധത്തിന് തുടക്കമായത്.

തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഭൂമികുലുക്കം ഉണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പരിഹാസമാക്കിക്കൊണ്ട് അമിത് മാളവ്യ എത്തുകയായിരുന്നു.

എന്നാല്‍ അമിത് മാളവ്യയുടെ ട്വീറ്റിന് പിന്നാലെ നരേന്ദ്രമോദിയുടെ മേയ്ക്ക് ഇന്‍ ഇന്‍ഡ്യ ക്യാമ്പയിനിന് എതിരേയുളള ഗ്രാഫുകള്‍ വ്യക്തമാക്കി ക്യാ ഹുവാ തേരാ വാദാ മോദി ജീ എന്ന ഹാഷ് ടാഗുമായി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദനയും രംഗത്തെത്തി.

ഇതോടെ ബി ജെ പിയുടെ BhookampAaneWalaHai ഹാഷ്ടാഗും കോണ്‍ഗ്രസിന്റെ KyaHuaTeraVaada ഹാഷ്ടാഗും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. കോണ്‍ഗ്രസും ബി ജെപിയും തമ്മിലുളള ഹാഷ് ടാഗ് യുദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തൊട്ട് പിന്നാലെ നുണയന്‍മാരുടെ നേതാവ് മോദി അഭിനയിക്കുന്ന പ്രത്യേക ചലച്ചിത്രം ക്യാ ഹുവാ തേരാ വാദാ യാണ് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നത് എന്ന ആക്ഷേപ ഹാസ്യവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram