മംഗളൂരു: നഗരത്തിന്റെ വിവിധയിടങ്ങളിൽ നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിച്ച് മറിച്ചുവിൽക്കുന്ന എട്ടു മലയാളിയുവാക്കളെ പോലീസ് അറസ്റ്റുചെയ്തു.
പയ്യാവൂർ കൂട്ടക്കളത്തെ കെ.ബി.അർജുൻ (18), പയ്യാവൂർ ബസ്‌സ്റ്റാൻഡിനടുത്ത പുളിക്കൽ റോബിൻ ബേബി (22), നെടിയേങ്ങ നടുവിൽ പള്ളിത്തട്ടിലെ ടിജോ ജോസഫ് (അഗസ്റ്റിൻ-25) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റുചെയ്തത്. ബാക്കിയുള്ള അഞ്ചുപേരും പ്രായപൂർത്തിയെത്താത്തവരായതിനാൽ പോലീസ് പേര് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ്റ്റ് വകുപ്പുപ്രകാരം കേസ് രജിസ്റ്റർചെയ്യും.
അറസ്റ്റിലായവരിൽനിന്ന് രണ്ടു കാറുകളും എൻഫീൽഡ് ബുള്ളറ്റുൾപ്പെടെ 17 ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. ഇതിന് മൊത്തം 40 ലക്ഷത്തോളം രൂപ വിലവരും. ബൈക്കിലും കാറിലും തീവണ്ടിയിലും മംഗളൂരുവിലെത്തിയ സംഘം മംഗളൂരു നഗരത്തിന്റെ വിവിധയിടങ്ങളിൽ നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിച്ച് കേരളത്തിലെത്തിച്ച് മറിച്ചുവിൽക്കുകയായിരുന്നു.
കാഞ്ഞങ്ങാട്ടെ ഉനൈസ്, റോബിൻ ബേബി, എനിൻ, അഗസ്റ്റിൻ എന്നിവരാണ് സംഘം മോഷ്ടിച്ച ബൈക്കുകൾ വാങ്ങിയിരുന്നതെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ അന്വേഷിച്ചുവരികയാണ്.
മംഗളൂരു സെൻട്രൽ എ.സി.പി. എം.ജഗദീഷ്, ഇൻസ്പെക്ടർ ബി.സി.യോഗീഷ് കുമാർ, ഈസ്റ്റ് എസ്.ഐ. നീതു ആർ.ഗുഡെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആസൂത്രിത നീക്കത്തിലൂടെ ബൈക്ക് മോഷണസംഘത്തെ പിടിച്ചത്.
Share this Article
Related Topics