പ്രധാനമന്ത്രിയുടേതടക്കം വന്‍കിട പരിപാടികള്‍ക്കിടയില്‍ മോഷണം; പിടിയിലായത് വന്‍ സംഘം


കഴിഞ്ഞ ദിവസം പിടികൂടിയ രണ്ടു പേരില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഡല്‍ഹി പോലീസിന് ലഭിച്ചത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രചാരണ റാലികള്‍, ജസ്റ്റിന്‍ ബീബറുടെ മുംബൈയിലെ സംഗീത പരിപാടി, ഗ്രെയിറ്റര്‍ നോയിഡയിലെ ഓട്ടോ എക്‌സ്‌പോ, ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന വന്‍ജനാവലിയുടെ സാന്നിധ്യമുള്ള ഒരുപരിപാടിയും ഈ ആറംഗ സംഘം മുടക്കാറില്ല. ആള്‍ക്കൂട്ടം ഇവരുടെ ആവേശമാണ്. വിമാനത്തിലാണ് പരിപാടികളിലേക്കെത്തുക. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസം. ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളില്‍ കോടികളുടെ വസ്തുക്കളുമായി തിരിച്ച് വരും.

കഴിഞ്ഞ ദിവസം പിടികൂടിയ രണ്ടു പേരില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഡല്‍ഹി പോലീസിന് ലഭിച്ചത്. ആറംഗ വന്‍കിട മോഷണ സംഘത്തിന്റെ തലവനും സൂത്രധാരനുമായ അസ്ലം ഖാന്‍, പ്രധാന കണ്ണിയായ 23-കാരനായ മുകേഷ് കുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസിന്റെ പിടിയിലായത്. പുരിയിലെ ജഗന്നാഥ് യാത്ര കഴിഞ്ഞ് മടങ്ങും വഴിയാണ് ഇരുവരും പിടിയിലായത്.

46 സ്മാര്‍ട്ട് ഫോണുകള്‍, ഒരു പിസ്റ്റള്‍, വെടിയുണ്ടകള്‍ തുടങ്ങിയവ ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ ഓരോ പരിപാടികളിലേക്കും ആള്‍ക്കൂട്ടത്തിനിടയിലേക്കും എത്തുക. ശേഷം വിദഗ്ദ്ധമായി ആളുകളുടെ പോക്കറ്റില്‍ നിന്ന് പേഴ്‌സുകളും മൊബൈല്‍ ഫോണുകളും കവരും. അയ്യായിരത്തിലധികം ഫോണുകള്‍ അസ്ലം ഇതിനോടകം കവര്‍ന്നിട്ടുണ്ട്.

ബസുകളിലും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയതിന് അസ്ലമിന്റെ പേരില്‍ 1995-ല്‍ തന്നെ കേസുകളുണ്ട്. കുട്ടികളെ പരിശീലിപ്പിച്ച് ഡല്‍ഹിയിലെ പൊതുപരിപാടികളിലേക്ക് കടത്തിവിട്ട് മോഷണം നടത്തിയിരുന്നു ഇയാള്‍. പിന്നീടാണ് തന്റെ മോഷണ ശൃംഖല രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചത്. ഇതിനായി കുപ്രസിദ്ധരായ അഞ്ചു പോക്കറ്റടിക്കാരെ ഒപ്പം ചേര്‍ത്തു. ഇവര്‍ക്ക് മാസത്തില്‍ നാല്പതിനായിരം രൂപയാണ് ശമ്പളമായി നല്‍കുക.

പത്രങ്ങളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും വലിയ പരിപാടികള്‍ നടക്കുന്നത് മനസ്സിലാക്കി വിവരങ്ങള്‍ പരസ്പരം കൈമാറുകയാണ് ചെയ്തിരുന്നത്. ഓരോ പരിപാടികളില്‍ നിന്നും 50 മുതല്‍ 60 സ്മാര്‍ട്ട് ഫോണുകള്‍ വരെ ഇവര്‍ കൈയിലാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൻ ആൾക്കൂട്ടമെത്തുന്ന പ്രധാനമന്ത്രിയുടെ റാലികളില്‍ ഇവര്‍ സ്ഥിരം സാന്നിധ്യമായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram