കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു കാരണം ബിജെപിയുടെ ധാര്‍ഷ്ട്യമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത സാഹചര്യത്തിലായിരുന്നു മമതയുടെ പ്രതികരണം.
"ധാര്‍ഷ്ട്യവും അഹംഭാവവും നല്ലതല്ല. ബിജെപിക്ക് അമിതമായ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്. ചിലപ്പോള്‍ അവര്‍ ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് പറയുന്നു. മറ്റുചിലപ്പോള്‍ ജനങ്ങളെ കുടിയിറക്കുമെന്നും അവര്‍ക്ക് പൗരത്വാവകാശം നല്‍കുമെന്നും പറയുന്നു. തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം വ്യക്തമാണ്. ജനങ്ങള്‍ ബിജെപിയെ ഉപേക്ഷിക്കുകയാണ്", മമതാ ബാനര്‍ജി പറഞ്ഞു.
ബംഗാളില്‍ കലിയഗഞ്ച്, ഖരഗ്പുര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സിറ്റിങ് സീറ്റായ കരിംപുരില്‍ വിജയിച്ചതിനൊപ്പം ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുക്കുയും ചെയ്തു. ബിജെപിയുടെ ഖരഗ്പുരും കോണ്‍ഗ്രസിന്റെ കലിയഗഞ്ചുമാണ് തൃണമൂല്‍ പിടിച്ചെടുത്തത്.
കലിയഗഞ്ചിലും ഖരഗ്പുറിലും ആദ്യമായിട്ടാണ് ഒരു തൃണമൂല്‍ സ്ഥാനാര്‍ഥി ജയിക്കുന്നത്. കരിംപുറില്‍ 23650 വോട്ടുകള്‍ക്കും ഖരഗ്പുര്‍ സദറില്‍ 20788 വോട്ടുകള്‍ക്കുമാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചത്. 2304 വോട്ടിനാണ് കലിയഗഞ്ചില്‍ തൃണമൂലിന്റെ തപന്‍ ദേവ് സിന്‍ഹ ജയിച്ചത്. ബിജെപിയാണ് രണ്ടാമത്. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്ന സീറ്റായിരുന്നെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഈ മണ്ഡലത്തില്‍ 57000-ഓളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
Content Highlights: Bengal bypolls: BJP’s politics of arrogance rejected- Mamata Banerjee