അമേഠി:സ്വന്തം തട്ടകത്തില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ തിരിച്ചടി നല്‍കി അമേഠിയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ വിശ്വസ്തനും മനസാക്ഷിസൂക്ഷിപ്പുകാരനുമായ ജംഗ് ബഹദൂര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച നടക്കുന്ന അമിത് ഷായുടെ അമേഠി സന്ദര്‍ശനത്തില്‍ ബഹദൂര്‍ സിങിന് ഔദ്യോഗിക അംഗത്വം നല്‍കും.
മൂന്ന് ദിവസം മുന്‍പാണ് ബഹദൂര്‍ സിങ് കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെച്ചത്. ബഹദൂര്‍ സിങിനൊപ്പം അമേഠിയിലെ 12 നേതാക്കളും കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളും പ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജി വെച്ചിട്ടുണ്ട്. വിമത നേതാവിനൊപ്പം ഇവരെല്ലാം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
സമാജ് വാദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സിങ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയാണ് പാര്‍ട്ടി വിട്ടത്. ഒരു ദശാബ്ദത്തോളം കാലം യുപിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ചുവെന്നല്ലാതെ അമേഠിയില്‍ രാഹുല്‍ ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്ന് സിങ് ആരോപിച്ചിരുന്നു. സ്വന്തം മണ്ഡലം സന്ദര്‍ശിക്കാന്‍ രാഹുലിന് നേരമില്ല. ഇവിടെ റോഡുകള്‍ നോക്കൂ. വലിയ കുഴികള്‍ നിത്യ കാഴ്ചയാണ്. വ്യവസായ ശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.അത് വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു ശ്രമങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.തൊഴില്‍ തേടി യുവജനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുന്ന അവസ്ഥയാണുള്ളതെന്നും സിങ് ചൂണ്ടിക്കാട്ടി.
ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ബഹദൂര്‍ സിങിന് അഭിനന്ദനങ്ങളറിയിച്ച് കേന്ദ്രമന്ത്രിയും ബിജെപി വനിതാ നേതാവുമായ സ്മൃതി ഇറാനി അദ്ദേഹത്തിന്റെ വസതിയിലെത്തി. സ്വന്തം നേതാവായിരുന്ന രാഹുലിനെ ഒറ്റപ്പെടുത്തുന്ന പ്രവണതയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്. കോണ്‍ഗ്രസിന്റെ ഭരണത്തിലും നിലപാടുകളിലും പ്രവര്‍ത്തകര്‍ക്ക് സംതൃപ്തിയോ സന്തോഷമോ ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് തുടക്കമിട്ട പദ്ധതികളാണ് ബിജെപി ഉദ്ഘാടനം ചെയ്യുന്നതെന്ന രാഹുലിന്റെ ആരോപണത്തിനും സ്മൃതി മറുപടി നല്‍കി.സ്വന്തം മണ്ഡലത്തില്‍ പോലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത രാഹുലിന് രാജ്യത്തിനു വേണ്ടി എന്ത് ചെയ്യാനാണ് സാധിക്കുകയെന്ന് ആര്‍ക്കും ഊഹിക്കാമെന്ന് അവര്‍ പരിഹസിച്ചു.