ജംഷഡ്പുര്‍ : ശരീരത്തില്‍ നിന്ന് ജീവൻ വേര്‍പെട്ട് പേവുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. ചോര വാര്‍ന്നൊലിച്ച ശരീരവുമായി അപ്പോഴും അയാള്‍ തന്നെ തല്ലരുതെന്ന് ആള്‍ക്കൂട്ടത്തോട് യാചിച്ചു കൊണ്ടേയിരുന്നു. നയീം ചോരവാര്‍ന്ന് മരിക്കുന്നതിന് തൊട്ടു മുമ്പ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആള്‍ക്കൂട്ടത്തിന്റെ ശക്തിക്കു മുന്നില്‍ നിയമപാലകര്‍ നിശബ്ദരായി നിന്ന് അയാളെ മരണത്തിന് വിട്ടു കൊടുത്തു.
ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെയാളാണ് മുഹമ്മദ് നയീം. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്ന പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഗ്രാഫിക് ചിത്രവും വിവരണവുമാണ് ആയുധങ്ങൾ കയ്യിലെടുത്ത് ആളുകളെ തെരുവിലിറക്കിയത്. യാതൊരു അടിസ്ഥാനവുമില്ലാത്ത സന്ദേശത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്ത് നിരപരാധികളെ തല്ലിക്കൊല്ലുകയാണ്. അതില്‍ അവസാനത്തെ ഇരയാണ് മുഹമ്മദ് നയീം.
ജംഷഡ്പുരില്‍ നിന്ന് 20 കിമി അകലെയുള്ള ശോഭാപുരിലാണ് ഈ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്.പ്രചരിച്ച വാട്‌സാപ്പ് മെസ്സേജുകളുടെ അടസ്ഥാനത്തില്‍ കയ്യില്‍ കുറുവടികളും ബാറ്റുകളുമായി പുറത്തിറങ്ങി അപരിചിതരെ മര്‍ദ്ദിക്കുകയായിരുന്നു.
സംശയത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ആരും തന്നെ തട്ടിക്കൊണ്ടു പേവുന്ന മാഫിയയുമായി ബന്ധമുള്ളവരായിരുന്നില്ലെന്ന പോലീസ് പറയുന്നു.
നയീമും സുഹൃത്തുക്കളും കാലികച്ചവടത്തിനായി വാഹനത്തില്‍ പോവുകയായിരുന്നു. പോകും വഴി നയീമടക്കമുള്ള നാല് പേരെ വണ്ടിയിൽ നിന്ന് വലിച്ചിഴച്ച് മര്‍ദ്ദിക്കുകയായിരുന്നു. മൂന്ന് പേര്‍ നേരത്തെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ടു. നയീമാണ് ഏറ്റവും ഒടുവിലത്തേയാള്‍.
വീട്ടിലെ വൃദ്ധ മാതാപിതാക്കളെയും മക്കളെയും നന്നായി നോക്കുന്ന നല്ലൊരു അധ്വാനിയായ മനുഷ്യനായിരുന്നു നയീമെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ ജലാലുദ്ദീന്‍ പറയുന്നു.
സമാനമായ സംഭവം സിങ്ഭം ജില്ലയിലും നടന്നു. ഒരു വീട്ടിനുള്ളിലെ മൂന്ന് പേരെ വലിച്ചിറക്കി അടിച്ചു കൊല്ലുകയായിരുന്നു. വികാസ് കുമാര്‍ വര്‍മമ്, ഗൗതം കുമാര്‍ വര്‍മ്മ, ഗംഗേഷ് ഗുപ്ത എന്നിവരെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ആക്രമണം തടഞ്ഞ വയോധികയെയും ആള്‍ക്കൂട്ടം വെറുതെ വിട്ടില്ല. ഈ സമയം പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും ആള്‍ക്കൂട്ടത്തെ കാര്യമായി പ്രതിരോധിക്കാതെ നിഷ്‌ക്രിയരായി നിന്നു.
വ്യാഴാഴ്ച്ച രാത്രി തന്നെയായിരുന്നു ഈ സംഭവവവും നടന്നത്.
പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും എണ്ണത്തില്‍ കുറവായതിനാലാണ് ആക്രമണം തടയാന്‍ കഴിയാതെ പോയതെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല പോലീസ് വാഹനവും ആള്‍ക്കൂട്ടം തല്ലി തകര്‍ത്തു.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഖുബര്‍ ദാസ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.