ന്യൂഡല്‍ഹി: സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി), കംട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ (സി.എ.ജി.) എന്നീ ഏജന്‍സികളെയൊന്നും ബാങ്കുകള്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. വിവേവകപൂര്‍ണ്ണമായ വാണിജ്യ തീരുമാനങ്ങളെടുക്കുന്നതില്‍ സംരക്ഷിക്കപ്പെടുമെന്നും ബാങ്കുകള്‍ക്ക് ധനമന്ത്രി ഉറപ്പ് നല്‍കി.
'അന്വേഷണ ഏജന്‍സകള്‍ അനാവശ്യമായി ഉപദ്രവിക്കുമെന്ന ഭയത്തില്‍ വായ്പ നല്‍കുന്നതിന് തടസ്സമാകരുത്. സ്വന്തം വിവേകമനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുന്നു'. മന്ത്രി പറഞ്ഞു. അനാവശ്യമായ ഉപദ്രവങ്ങള്‍ ഭയന്ന് ബാങ്കുകള്‍ യഥാര്‍ത്ഥ തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലാ ബാങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ വന്‍ ഇടിവ് വന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇത്തരത്തിലുള്ള ഉറപ്പ്.
ബാങ്കുകള്‍ തീരുമാനിക്കാതെ ഒരു കേസും സിബിഐയിലേക്ക് പോകുന്നില്ല. സംശയാസ്പദമായ സാഹചര്യങ്ങളില്‍ ഒരു കേസ് സിബിഐക്ക് റഫര്‍ ചെയ്യേണ്ടതുണ്ടോ എന്ന് ബാങ്കുകളുടെ ആഭ്യന്തര സമിതിക്ക് തീരുമാനിക്കാം. യഥാര്‍ത്ഥ തീരുമാനങ്ങളെടുക്കുന്നതിനും ബാങ്കര്‍മാര്‍ക്കിടയില്‍ സംരക്ഷണബോധം വളര്‍ത്തുന്നതിനും വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്രം എല്ലാം ചെയ്യുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കെതിരായിട്ട് എടുത്ത വിജിലന്‍സ് കേസുകള്‍ തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Content Highlights: Banks need not fear CBI, CAG and CVC: Nirmala Sitharaman