ന്യൂഡൽഹി: പെട്രോൾ പമ്പുകളിലെ കാർഡ് വഴിയുള്ള ഇടപാടുകൾക്ക് ഒരു ശതമാനം ഫീസ് ഇൗടാക്കാനുള്ള തീരുമാനം ബാങ്കുകൾ നീട്ടിവെച്ചു. ഇതോടെ നാളെ മുതൽ കാർഡുകൾ സ്വീകരിക്കേണ്ടെന്ന തീരുമാനം പമ്പുടമകൾ പിൻവലിച്ചിട്ടുണ്ട്. ജനുവരി 13 വരെ കാർഡുകൾ സ്വീകരിക്കുമെന്ന് ഓൾ ഇന്ത്യ പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.
ഏതാനും ദിവസത്തേക്ക് തീരുമാനം മാറ്റിവെക്കാനാണ് സർക്കാരുമായി നടത്തിയ ചർച്ചയിൽ ബാങ്കുകൾ സമ്മതിച്ചിരിക്കുന്നത്. ഇതിനിടെ പമ്പുടമകൾക്ക് കൂടി സ്വീകാര്യമായ രീതിയിൽ പരിഹാരം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ബാങ്കുകൾ.
സർക്കാർ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാർഡ് വഴി പെട്രോൾ വാങ്ങുന്നവർക്ക് 0.75 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ബാങ്കുകളുടെ തീരുമാനം വന്നതോടെ കാർഡുകൾ സ്വീകരിക്കില്ലെന്ന പമ്പുടമകളുടെ പ്രഖ്യാപനം സർക്കാർ നിലപാടിന് തിരിച്ചടിയായിരുന്നു.
നാളെമുതൽ ഏതെങ്കിലും തരത്തിലുള്ള കാർഡ് ഇടപാടുകൾക്ക് പണം ഇൗടാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എെസിഎെസിഎെ ബാങ്ക് വക്താവ് പറഞ്ഞു. എച്ച്ഡിഎഫ്സി, ആക്സിസ് എന്നീ ബാങ്കുകളാണ് പെട്രോൾ പമ്പുകളിലെ കാർഡ് ഇടപാടുകൾക്ക് പണമീടാക്കാൻ തീരുമാനിച്ചിരുന്നത്.
എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് എന്നീ ബാങ്കുകളാണ് കാർഡ് ഇടപാടുകൾക്ക് തിങ്കളാഴ്ച മുതൽ പണം ഈടാക്കുമെന്ന് അറിയിച്ചതെന്ന് പമ്പുടമകൾ പറയുന്നു.
അതേസമയം, തങ്ങൾ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് അറിയിച്ചു. രാജ്യത്തെ 60 ശതമാനം പമ്പുകളിലും ഐസിഐസിഐ, എച്ച്ഡിഎഫ്സി സ്വൈപ്പിങ് മെഷീനുകളാണുള്ളത്.