ചെന്നൈ: ബാങ്ക് ലയനത്തിലൂടെ ജോലി നഷ്ടമാകുമെന്ന ആധി വേണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. ബാങ്ക് ലയനത്തിലൂടെ ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമാകില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതായി അവര്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം കേന്ദ്രം പ്രഖ്യാപിച്ച ബാങ്ക് ലയനത്തിലൂടെ നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും തൊഴിലവസരം കുറയുമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.
ലയനത്തിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള 'പിങ്ക് സ്ലിപ്പ് നല്‍കുമെന്ന പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസമാണ് രാജ്യത്തെ പത്ത് ബാങ്കുകളെ കൂടി ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്.
എന്നാല്‍ എസ്.ബി.ഐ. ലയനത്തിന് പിന്നാലെ പത്തുബാങ്കുകളെ കൂടി ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബാങ്ക് ജീവനക്കാരും തൊഴിലാളി സംഘടനകളും വ്യാപകമായി പ്രതിഷേധിച്ചിരുന്നു. പുതിയ ലയനത്തോടെ ബാങ്കുകളുടെ നിരവധി ശാഖകള്‍ പൂട്ടിപോകുമെന്നും തൊഴില്‍നഷ്ടമാകുമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
Content Highlights: bank merger; union minister nirmala sitharaman says merging wont lead to job loss