ന്യൂഡല്‍ഹി: അസമില്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ബിജെപി മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുന്നില്ലെങ്കില്‍ നിലവിലെ പൗരത്വ രജിസ്റ്റര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'നിലവിലെ പൗരത്വ രജിസ്റ്ററില്‍ ഞങ്ങള്‍ ഒരിക്കലും സന്തുഷ്ടരല്ല. അതിര്‍ത്തി ജില്ലകളിലെ 20 ശതമാനം പേരുടെ കാര്യത്തില്‍ പുനഃപരിശോധ വേണമെന്നാണ് ആവശ്യം. അതില്ലെങ്കില്‍ നിലവിലെ പൗരത്വ രജിസ്റ്റര്‍ അംഗീകരിക്കില്ല.
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ പോകും. കോടതി ഞങ്ങളെ കേട്ടില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും'- ഹിമാന്ത് ബിശ്വ ശര്‍മ്മ വ്യക്തമാക്കി.
പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാല്‍ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുകയാണെങ്കിലും അസമിനെ അതില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അസമിലെ പൗരത്വ രജിസ്റ്ററില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് അസം സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മന്ത്രി ഹിമാന്ത് ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Content Highlights: assam minister himanta biswa sarma says we dont accept nrc which was published