ഹൈദരാബാദ്: നരേന്ദ്ര മോദിയെയും അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ പരിഹസിച്ച് ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസി. അപ്പോള്‍ പാണ്ഡവരും കൗരവരും ആരാണ് എന്നായിരുന്നു രജനികാന്തിനോട് ഒവൈസിയുടെ ചോദ്യം.
ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കിയ നടപടിയുടെ സാഹചര്യത്തിലായിരുന്നു രജനികാന്ത് മോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ ആരാണ് കൃഷ്ണനെന്നും ആരാണ് അര്‍ജുനനെന്നും നമുക്കറിയില്ലെന്നും രജനി പറഞ്ഞിരുന്നു.
ഈദ് ആഘോഷത്തോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ഒവൈസി രജനിയെ വിമര്‍ശിച്ചത്. അനുച്ഛേദം 370 ലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്തതിന് മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജുനനും എന്നാണ് തമിഴ്‌നാട്ടിലെ ഒരു സിനിമാ താരം വിളിച്ചത്. അപ്പോള്‍ ഈ സാഹചര്യത്തിലെ പാണ്ഡവരും കൗരവരും ആരാണ് ? ഈ രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങള്‍ക്ക് ആവശ്യം- ഒവൈസി ചോദിച്ചു.
കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് എ.ഐ.എം.ഐ.എം പാര്‍ട്ടി തലവന്‍ കൂടിയായ അസദുദ്ദീന്‍ ഒവൈസി. സര്‍ക്കാരിന്റേത് ചരിത്രപരമായ മണ്ടത്തരമാണെന്നായിരുന്നു കശ്മീര്‍ വിഷയത്തില്‍ ഒവൈസിയുടെ പ്രതികരണം.
content highlights: Asaduddin Owaisi's Dig At Rajinikanth Who Praised PM, Amit Shah
Share this Article
Related Topics