ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടിക(എന്‍.ആര്‍.സി)യ്ക്കുള്ള ഡേറ്റാബേസ് ആയിരിക്കും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍)എന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയി.
അതിനാല്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ പ്രതിരോധിക്കാന്‍, നടപടി ക്രമങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ തെറ്റായ പേരും മേല്‍വിലാസവും നല്‍കണമെന്നും അവര്‍ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ മുസ്‌ലിങ്ങള്‍ക്ക് എതിരാണെന്നും ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവേ അരുന്ധതി പറഞ്ഞു.
"അവര്‍ നിങ്ങളുടെ വീടുകളിലെത്തും. നിങ്ങളുടെ പേരും ഫോണ്‍ നമ്പറും ശേഖരിക്കും. ആധാറും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെയുള്ള രേഖകള്‍ ചോദിക്കും. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ പട്ടികയ്ക്കുള്ള ഡേറ്റാ ബേസ് ആകും. നാം ഇതിനെതിരെ പോരാടിയേ മതിയാകൂ. അതിന് ഒരു വഴിയുണ്ട്. അവര്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി നിങ്ങളുടെ വീട്ടിലെത്തി പേര് ചോദിക്കുമ്പോള്‍, വേറെയേതെങ്കിലും പേരു പറയുക. വിലാസം ചോദിക്കുമ്പോള്‍ 7 ആര്‍.സി.ആര്‍ എന്നു പറയുക. നമ്മള്‍ ജനിച്ചത് ലാത്തിയടി കൊള്ളാനും ബുള്ളറ്റുകളെ നേരിടാനുമല്ല", അരുന്ധതി പറഞ്ഞു.
ഡല്‍ഹി രാം ലീല മൈതാനത്തു നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞുവെന്നും അരുന്ധതി കൂട്ടിച്ചേര്‍ത്തു.
content highlights: arundhati roy on npr
Share this Article
Related Topics